Wednesday 22 May 2019


കൊല്ലമുള്‍പ്പെടെ ഇരുപതിടത്തും യു.ഡി.എഫ് വിജയിക്കുമെന്ന് പ്രേമചന്ദ്രന്‍

By online desk.16 Mar, 2019

imran-azhar

 

 

2014ല്‍ ഇടതുമുന്നണിവിട്ട് യു.ഡി. എഫിലെത്തി സി.പി. എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയെ 37649 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ ആര്‍. എസ്.പിയിലെ എന്‍ കെ. പ്രേമചന്ദ്രന്‍ കൊല്ലത്ത് ഇക്കുറിയും ജനവിധി തേടുകയാണ്. എം.എ ബേബിക്ക് പകരം മുന്‍ ജില്ലാ സെക്രട്ടറിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ. എന്‍. ബാലഗോപാലാണ് പ്രേമചന്ദ്രന്റെ എതിരാളി. തിരഞ്ഞെടുപ്പ് പോരാട്ടത്തെപ്പറ്റി സംസാരിക്കുന്ന എന്‍. കെ. പ്രേമചന്ദ്രന്‍, കേരളത്തിലെ 20 സീറ്റിലും യു.ഡി.എഫ് വിജയിക്കുന്നതിനുള്ള അനുകൂലസാഹചര്യം നിലനില്‍ക്കുന്നുവെന്ന ആത്മവിശ്വാസത്തിലാണ്.


മത്സരം എങ്ങനെ? വിജയസാദ്ധ്യത എത്രത്തോളമാണ്?


എന്‍.കെ. പ്രേമചന്ദ്രന്‍: ഞങ്ങള്‍ക്ക് നല്ല ശുഭാപ്തി വിശ്വാസവും വിജയിക്കാമെന്നുള്ള പ്രതീക്ഷയുമാണുള്ളത്. രണ്ട് മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ ഈ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നത്. അതിലേറ്റവും പ്രധാനം ദേശീയ രാഷ്ര്ടീയം തന്നെയാണ്. രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ഒരു മതേതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നതാണ് ജനങ്ങളുടെ പൊതുവികാരം. ഇതു തന്നെയാണ് ഞങ്ങളുടെ പ്‌ളസ് പോയിന്റും.കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു രാഷ്ര്ടീയബദലെന്ന്് ചൂണ്ടിക്കാട്ടാനാകും വിധം ഇന്ന് ഇന്ത്യന്‍ പ്രതിപക്ഷത്താരുമില്ല. ആ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്താനും പ്രാവര്‍ത്തികമാക്കാനുമായിരിക്കും ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള മതേതരത്വജനാധിപത്യവിശ്വാസികള്‍ ശ്രമിക്കുക.


കേരളത്തിലെ സാഹചര്യം എത്രത്തോളം സഹായകമാകും?


എന്‍.കെ. പ്രേമചന്ദ്രന്‍: കേരളത്തിലെ എല്‍.ഡി. എഫ് സര്‍ക്കാര്‍ സാമൂഹികാന്തരീക്ഷം മുഴുവന്‍ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന മൗലികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ശബരിമല യുവതീ പ്രവേശം, മുസ്‌ലീം പള്ളികളിലെ സ്ര്തീപ്രവേശം, ചര്‍ച്ച് ആക്ട് ബില്‍ എന്നിവയിലൂടെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് വിവാദങ്ങളുണ്ടാക്കി ഭരണപരാജയം മറച്ച് വയ്ക്കുന്നതിനാണ് അവര്‍ ശ്രമിക്കുന്നത്. 
നമ്മുടെ വിശ്വാസി സമൂഹം മുമ്പൊരിക്കലും ഇല്ലാത്ത വിധം ഉല്‍ക്കണ്ഠകളുടെയും ആശങ്കകളുടെയും മുള്‍മുനയിലൂടെ കടന്ന് പോകുകയാണ്. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും പാര്‍ട്ടിയുടെ വരുതിയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. സ്വയംഭരണാവകാശമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബേര്‍ഡ് ഇതിനകം തന്നെ പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലും വരുതിയിലും ആക്കി.
ഇങ്ങനെ സമൂഹത്തിലെ അശാന്തിയും ഭരണവിരുദ്ധവികാരവും വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധവും വികാരവും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിക്ക് അനുകൂലമായ വോട്ടുകളായി പ്രതിഫലിക്കും.

 

വികസനപ്രവര്‍ത്തനങ്ങള്‍ എത്രത്തോളം സഹായകമാകും?


ഇതാണ് മൂന്നാമതായി പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം. കഴിഞ്ഞ അഞ്ച് വര്‍ഷമായി കൊല്ലത്തെ ജനപ്രതിനിധി എന്ന നിലയില്‍ മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളനവധിയാണ്. ഇവ തീര്‍ച്ചയായും വിലയിരുത്തപ്പെടും. പൊതുസമൂഹത്തിലും പാര്‍ലമെന്റിലും നടത്തിയ ഇടപെടലുകളും പ്രകടനവും കൊല്ലത്ത് തിരഞ്ഞെടുപ്പ് സമയത്ത് ചര്‍ച്ച ചെയ്യപ്പെടും എന്നതില്‍ തര്‍ക്കമില്ല. പിന്നെ മറ്റൊന്ന് കൊല്ലത്തെ ഓരോ വോട്ടര്‍ക്കും ഞങ്ങളുടെ പാര്‍ലമെന്റംഗം എന്‍. കെ. പ്രേമചന്ദ്രനാണെന്ന് അഭിമാനബോധത്തോടെ പറയാന്‍ കഴിയും വിധത്തില്‍ പുതിയൊരു രാഷ്ര്ടീയാന്തരീക്ഷം സൃഷ്ടിക്കാനായിയെന്ന പൊതുവിലയിരുത്തലുണ്ടെന്നതാണ്.


എതിര്‍സ്ഥാനാര്‍ത്ഥിയെപ്പറ്റി?


സി.പി.എമ്മിന്റെ ഒരു സ്ഥാനാര്‍ത്ഥി എന്നതിലപ്പുറം മറ്റൊരു പ്രത്യേകതകളും സാദ്ധ്യതകളും എതിര്‍ സ്ഥാനാര്‍ത്ഥിയായ കെ. എന്‍. ബാലഗോപാലിന് ഉണ്ടെന്ന് കരുതുന്നില്ല.


യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നത് കൊല്ലത്തെ പ്രചാരണപ്രവര്‍ത്തനങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ?


എന്‍.കെ. പ്രേമചന്ദ്രന്‍: മറ്റുള്ളിടത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകാത്തത് ഒരു തരത്തിലും കൊല്ലത്തെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. സാധാരണഗതിയില്‍ വളരെ വളരെ വൈകിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിയില്‍ മത്സരരംഗത്തെത്തിയവര്‍ പോലും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച ചരിത്രവുമുണ്ട്. ആ കണക്കിന് നോക്കുമ്പോള്‍ ഇനിയും ഒരു മാസവും പത്ത് ദിവസവും സമയമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ ഇരുപത് സീറ്റുകളിലെ വിജയവും യു.ഡി.എഫിന് അനുകൂലമായി മാറുന്നതിനുള്ള സാദ്ധ്യതകളാണ് നിലനില്‍ക്കുന്നത്.


പുതിയ വാഗ്ദ്ധാനങ്ങള്‍?


മണ്ഡലത്തിന്റെ സര്‍വ്വതോമുഖമായ വികസനം തന്നെയാണ് തുടര്‍ന്നും ലക്ഷ്യമിടുന്നത്. കൊല്ലം ബൈപാസ് നാല് വരിപ്പാതയാക്കുക, കൊല്ലം-ചെങ്കോട്ട റെയില്‍പ്പാത വഴി പണ്ടുണ്ടായിരുന്ന ട്രെയിനുകള്‍ പുനസ്ഥാപിക്കുകയും പുതിയത് കൊണ്ടുവരികയും ചെയ്യുക. കൊല്ലം- തേനി, കൊല്ലം തിരുമംഗലം ദേശീയപാതകളുടെ വികസനം, പരമ്പരാഗതവ്യവസായങ്ങള്‍ക്കൊപ്പം കരിമണല്‍ ഉള്‍പ്പെടെയുള്ള ആധുനിക വ്യവസായസാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക. പാര്‍വ്വതിമില്‍ പുനരുദ്ധരിക്കാനായില്ലെങ്കില്‍ ഫലപ്രദമായ മറ്റാവശ്യങ്ങള്‍ക്ക് അവിടുത്തെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക, വിനോദസഞ്ചാരവികസനം തുടങ്ങിയവയ്ക്ക് മുന്‍തൂക്കം നല്‍കും.

 

കോണ്‍ഗ്രസുകാരില്‍ ചിലര്‍ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നതായും നിസഹകരിക്കുന്നതായും കേള്‍ക്കുന്നുണ്ടല്ലോ?


അതൊക്കെ എതിരാളികളുടെ പ്രചരണങ്ങള്‍ മാത്രമാണ്. കോണ്‍ഗ്രസുകാര്‍ക്ക് ഒരഭിപ്രായവ്യത്യാസവുമില്ല. ആരും പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുമില്ല. സംഘടനാപരമായ ചില ചെറിയ പ്രശ്‌നങ്ങളും അഭിപ്രായവ്യത്യാസങ്ങളും നിലനില്‍ക്കുന്നുവെങ്കിലും അതൊന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ല. എല്ലാവരും ഒറ്റക്കെട്ടായിത്തന്നെയാണ് സകലപ്രവര്‍ത്തനങ്ങളും നടത്തുന്നത്.