Sunday 31 May 2020




'14ന് ലോക്ക്ഡൗണ്‍ അവസാനിക്കും'; ട്വീറ്റ് പിന്‍വലിച്ച് അരുണാചല്‍ മുഖ്യമന്ത്രി

By Online Desk .02 Apr, 2020

imran-azhar

 

ന്യൂഡല്‍ഹി: ഏപ്രില്‍ 14ന് ലോക്ഡൗണ്‍ അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചുവെന്നുള്ള ട്വീറ്റ് പിന്‍വലിച്ച് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് അവസാനിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റ് ചര്‍ച്ചയായതോടെ അത് ഡിലീറ്റ് ചെയ്തു.
ലോക്ഡൗണ്‍ അവസാനിച്ചാലും യാത്രാ നിയന്ത്രണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചുവെന്ന് അദ്ദേഹം ട്വീറ്റില്‍ സൂചിപ്പിച്ചിരുന്നു.
സാമൂഹ്യ അകലം പാലിക്കുക, ശുചിത്വം, മാസ്‌ക്കുകളുടെ ഉപയോഗം എന്നിവ തുടരണമെന്നും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ആവശ്യപ്പെട്ടു. 'അടുത്ത ആഴ്ചയിലെ നമ്മുടെ മുന്‍ഗണന, ടെസ്റ്റ്, ട്രേസിംഗ്, ക്വാറന്റൈന്‍, ഐസൊലേഷന്‍ എന്നിവയിലായിരിക്കുമെന്നും എല്ലാ സംസ്ഥാനങ്ങളും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി ഓരോ സംസ്ഥാനങ്ങളും ജില്ലാതല നിരീക്ഷണ ഉദ്യോഗസ്ഥരെ എത്രയും വേഗം നിയമിക്കണമെന്നും ടെസ്റ്റിംഗിനായി അനുവദിച്ച ലാബുകളില്‍ നിന്ന് ശേഖരിക്കുന്ന ഡേറ്റകള്‍ ജില്ലാ അടിസ്ഥാനത്തില്‍ തന്നെ ഉപയോഗപ്പെടുത്തണമെന്നും വൈറസിനെ എങ്ങനെ നേരിടാമെന്ന ആലോചനകള്‍ സംസ്ഥാനങ്ങള്‍ നടത്തണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.