Wednesday 07 December 2022




13 വയസില്‍ കൂടിക്കാഴ്ച, പ്രണയമായി വളര്‍ന്നു; 21-ാം വയസില്‍ വിവാഹം; നിഴലായി മരണം വരെ

By Web Desk.09 Sep, 2022

imran-azhar

 


ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭര്‍ത്താവ് എന്നാണ് ബ്രിട്ടിഷ് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചു വിവരിക്കുന്ന ഏതാനും വര്‍ഷം മുമ്പ് ലേലത്തില്‍ പോയിരുന്നു. 14,000 പൗണ്ടിനാണ് ആ കത്ത് ലേലത്തില്‍ പിടിച്ചത്.

 

1947 ല്‍, ഇരുപത്തിയൊന്നാം വയസ്സില്‍, വിവാഹത്തിനു മാസങ്ങള്‍ക്കു മുന്‍പ് എലിസബത്ത് രാജകുമാരി എഴുതിയതാണ് കത്ത്. ഇരുവരും ആദ്യമായി കണ്ടത്, ഫിലിപ് രാജകുമാരന്റെ കാറില്‍ പോകുമ്പോള്‍ ഒരു ഫൊട്ടോഗ്രഫര്‍ പിന്നാലെ പാഞ്ഞത്, ലണ്ടന്‍ നിശാക്ലബ്ബില്‍ നൃത്തം ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് ഈ കത്തിലുള്ളത്. എഴുത്തുകാരി ബെറ്റി ഷൗവിനെഴുതിയതാണ് കത്ത്.

 

എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം പിറന്നാള്‍ സമയത്തായിരുന്നു പ്രണയകാലം നിറഞ്ഞുനില്‍ക്കുന്ന പഴയ കത്ത് ലേലത്തില്‍ പോയത്.

 

പതിമൂന്നാം വയസ്സില്‍ തുടങ്ങിയതാണ് ആ പ്രണയം. ജന്മം കൊണ്ടു ഫിലിപ്, ഗ്രീക്ക് ഡാനിഷ് രാജകുമാരനാണ്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഗ്രീസിന്റെ രാജാവായിരുന്നു. എന്നാല്‍, 1922 ല്‍ ഭരണ അട്ടിമറിയെത്തുടര്‍ന്നു ഗ്രീസില്‍ നിന്നു മാതാപിതാക്കള്‍ക്കൊപ്പം പലായനം ചെയ്തു. ഫിലിപിന് 18 മാസം പ്രായം. കൈക്കുഞ്ഞുമായി അമ്മ ആലിസ് രാജകുമാരിയും അച്ഛനും ഒരു ബ്രിട്ടിഷ് പടക്കപ്പലിലാണ് ഇറ്റലിയില്‍ എത്തിയത്.

 

1930 ല്‍ ഫിലിപ്പിന് എട്ടു വയസ്സുള്ളപ്പോള്‍ അമ്മ മാനസികാരോഗ്യപ്രശ്‌നം കാരണം ആശുപത്രിയിലായി. ഫ്രാന്‍സിലേക്കു പോയ പിതാവ് പിന്നീടു മടങ്ങിവന്നില്ല. ഫിലിപ്പിന് അഭയമായത് അമ്മയുടെ ബ്രിട്ടിഷ് രാജകുടുംബബന്ധമാണ്.

 

ഫിലിപ്പിന്റെ അമ്മ ആലിസ്, ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ പേരക്കുട്ടിയുടെ മകളായിരുന്നു. സ്‌കോട്ടിഷ് ബോര്‍ഡിങ് സ്‌കൂളായ ഗോര്‍ഡന്‍സ്റ്റണില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഫിലിപ്, റോയല്‍ നേവി കോളജില്‍ ചേര്‍ന്നു മികച്ച കെഡറ്റ് എന്ന അംഗീകാരം നേടി. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത അദ്ദേഹം 21ാം വയസ്സില്‍ റോയല്‍ നേവിയുടെ ഏറ്റവും പ്രായം കുറഞ്ഞ ലഫ്റ്റനന്റുമാരിലൊരാളായി.

 

1939 ല്‍ 13 വയസ്സുള്ള എലിസബത്ത് രാജകുമാരിയുമായുള്ള കൂടിക്കാഴ്ച പിന്നീടു പ്രണയമായി വളര്‍ന്നു. രണ്ടാം ലോക മഹായുദ്ധകാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തീവ്രമായത്. ഇതിനിടെ ചില മാധ്യമങ്ങളില്‍ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ ഇരുവരുടേയും വിവാഹം നടത്താന്‍ രാജകുടുംബം തീരുമാനിക്കുകയായിരുന്നു.

 

1947 നവംബര്‍ 20 ന് ആയിരുന്നു വിവാഹം. ഫിലിപ്പിന് 26 വയസ്സ്. നവവധുവിന് 21. ഇതോടെ എഡിന്‍ബര്‍ഗിലെ പ്രഭു എന്ന സ്ഥാനം ഫിലിപ് രാജകുമാരന് ലഭിച്ചു.

 

10,000 മുത്തുകള്‍ പതിപ്പിച്ച പട്ടിന്റെ വസ്ത്രമായിരുന്നു എലിസബത്ത് വിവാഹത്തിന് അണിഞ്ഞത്. ലോക നേതാക്കളെല്ലാം വിവാഹത്തിനെത്തി.

 

അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യാന്‍, പിതൃസഹോദരന്‍ എഡ്വേഡ് എട്ടാമന്‍ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്നാണ് എലിസബത്തിന്റെ പിതാവ് ജോര്‍ജ് ആറാമന്‍ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തില്‍ വന്നു ചേര്‍ന്നു. 1952ലാണു എലിസബത്ത് രാജ്ഞിയായത്.

 

എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതല്‍ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും ഫിലിപ് അനുഗമിച്ചു. 2021ല്‍ മരണത്തിന് കീഴടങ്ങുന്നതുവരെ രാജ്ഞിയുടെ നിഴലായി ഫിലിപ് ഉണ്ടായിരുന്നു. 100 വയസ്സാകാന്‍ രണ്ട് മാസം മാത്രം ശേഷിക്കെ 2021 എപ്രില്‍ 9 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മാസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്ഞിയും വിടപറഞ്ഞു.