Wednesday 07 December 2022




രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് കന്യാകുമാരിയില്‍ തുടക്കം

By priya.07 Sep, 2022

imran-azhar

 

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് തുടക്കമാകും.കന്യാകുമാരിയിലെ മഹാത്മാഗാന്ധി മണ്ഡപത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും.

 

വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിങ്ങനെ കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 5 മാസം വരെ നീളുന്ന യാത്രക്കാണ് ഇന്ന് വൈകുന്നേരം കന്യാകുമാരിയില്‍ തുടക്കമാകുന്നത്.

 

അച്ഛന്റെ രക്തം ചിന്തി ചുവന്ന ശ്രീ പെരുമ്പത്തൂരിലെ മണ്ണിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാകും രാഹുല്‍ ഗാന്ധി പദയാത്രക്ക് തുടക്കം കുറിക്കുക. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള യാത്ര പക്ഷേ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്.

 

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രമാതിത്യം ഉറപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ട് നടത്തുന്ന യാത്രയ്ക്കിടെ, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി കടന്നുപോകും എന്നുള്ളതും ശ്രദ്ധേയമാണ്.

 

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തുമോ അതോ മറ്റാരെങ്കിലും കടന്നുവരുമോ എന്നുള്ളതും ഈ യാത്രക്കിടയില്‍ അറിയാം.അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന പദയാത്രയില്‍ 3,500ലധികം കിലോമീറ്ററാണ് രാഹുല്‍ നടന്നു തീര്‍ക്കുക. യാത്രയില്‍ രാഹുലിനൊപ്പം മുഴുവന്‍ സമയവും 300 പേര്‍ ഉണ്ടാകും.