Wednesday 23 October 2019




പ്രിയങ്കയുടെ അനുനയ നീക്കവും പരാജയപ്പെട്ടു: രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍

By anju.28 May, 2019

imran-azhar

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി.രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും പാളിയെന്ന് സൂചന. എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍, സച്ചിന്‍ പൈലറ്റ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവര്‍ രാഹുലുമായി നടത്തിയ ചര്‍ച്ചയിലും ഫലം കണ്ടില്ല.

 

ഇന്ന് രാവിലെ രാഹുലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാജി തീരുമാനം വേണ്ടെന്നു വയ്ക്കണമെന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി രാഹുലിനോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. ഒപ്പം, ഇന്ന് വൈകിട്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിക്കാനും രാഹുല്‍ ആവശ്യപ്പെട്ടു.

 

നേരത്തെ, രാഹുലിന്റെ രാജി തീരുമാനത്തിന് പ്രിയങ്ക പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, തിടുക്കത്തില്‍ സ്ഥാനമൊഴിയരുതെന്നും പ്രിയങ്ക രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, എത്രയും വേഗം തനിക്ക് പകരക്കാരനെ കണ്ടെത്താന്‍ രാഹുല്‍ നിര്‍ദേശിച്ചുവെന്നായിരുന്നു വിവരം. ഇതിനു പിന്നാലെ, സച്ചിന്‍ പൈലറ്റ് രാഹുലിന്റെ പിന്‍ഗാമിയാകുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു.

 

രാജി നീക്കത്തില്‍ നിന്ന് രാഹുല്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് അദ്ദേഹത്തിന് വ്യക്തിപരമായും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ആസ്ഥാനത്തേക്കും ലഭിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തോടടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.