By Anju N P.31 Dec, 2017
ചെന്നൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമമായി .തന്റെ രാഷ്ട്രീയ പ്രവേശനം ഉറക്കെ പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍താരം രജനികാന്ത്. ചെന്നൈ കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ അവസാനദിവസമായ ഇന്ന് താന്‍ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് അദ്ദേഹം അറിയിച്ചു.
പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മോശമാണ്. സംസ്ഥാനത്ത് ജനാധിപത്യം നശിച്ചു. രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ വരുത്തണം. അതിനായി അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും. തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.
നിറഞ്ഞ കയ്യടിയോടെയാണ് ജനം സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രഖ്യാപനം കേട്ടത്.നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് തന്നെ മല്‍സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പാര്‍ട്ടിയുമായും സഖ്യം ഉണ്ടാക്കില്ല. താന്‍ മുഖ്യമന്ത്രിയായാല്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷവും പൊതുജനത്തെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മൂന്നു വര്‍ഷത്തിനു ശേഷം രാജി വെച്ച് പുറത്തു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി