Tuesday 19 March 2024




ആചാര സംരക്ഷണമല്ല, രാഷ്ട്രീയക്കളിയാണ് ബി.ജെ.പി ലക്ഷ്യം: ചെന്നിത്തല

By Online Desk.05 Nov, 2018

imran-azhar

 

 

 

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരുടെ വിശ്വാസം രക്ഷിക്കുകയല്ല, ഹീനമായ രാഷ്ട്രീയക്കളിയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുടെ തനിനിറം പി.എസ്.ശ്രീധരന്‍പിള്ളയുടെ വാക്കുകളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ശബരിമല പ്രശ്നം ബി.ജെ.പിക്ക് സുവര്‍ണ്ണാവസരം എന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. ഭക്തജന ലക്ഷങ്ങള്‍ ആചാര ലംഘനത്തെക്കുറിച്ച് ദുഖിക്കുമ്പോള്‍ അത് സുവര്‍ണ്ണാവസരമായിട്ടാണ് ബി.ജെ.പി കണ്ടത്.

 

ആചാര ലംഘനമോ വിശ്വാസ സംരക്ഷണമോ ഒന്നും ബി.ജെ.പി ലക്ഷ്യമല്ല. ശബരിമലയെ സംഘര്‍ഷഭൂമിയാക്കി അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബി.ജെ.പി. ഇതിന് ഒത്താശ ചെയ്തു കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും. ശബരിമലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഇരുപക്ഷവും ശ്രമിച്ചു. ബി.ജെ.പിയെ ശക്തിപ്പെടുത്തുക വഴി മതേതര ജനാധിപത്യ ശക്തികളെ ദുര്‍ബലപ്പെടുത്താമെന്ന് സി.പി.എം കണക്കു കൂട്ടി. ഈ രാഷ്ട്രീയ ലക്ഷ്യംവെച്ചാണ്. 'ഒടുവില്‍ നമ്മളും ഭരണപക്ഷ പാര്‍ട്ടികളും മാത്രമാവും' എന്ന് ശ്രീധരന്‍പിള്ള പറഞ്ഞതും സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഒത്തുകളിക്ക് തെളിവാണ്.

 

വിശ്വാസി സമൂഹത്തോടൊപ്പം എന്നും ഉറച്ചു നിന്നത് കോണ്‍ഗ്രസും യു.ഡി.എഫും മാത്രമാണ്. അതു കൊണ്ടാണ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം മാറ്റി 2016ല്‍ ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന സത്യവാങ്മൂലം യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയത്. അതില്‍ കോണ്‍ഗ്രസും യു.ഡി.എഫും ഉറച്ചു നില്‍ക്കുന്നു. അല്ലതെ ആരുടെയും കെണിയിലൊന്നും വീണിട്ടില്ല. 

 

ബി.ജെ.പിയുടെ കള്ളക്കളി പുറത്തു വന്നതോടെ അവര്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുകയാണ്. ബി.ജെ.പിയുടെ വഞ്ചനയ്ക്ക് ജനങ്ങള്‍ കൂട്ടു നില്‍ക്കില്ല. ബി.ജെ.പിയും സി.പി.എമ്മും ഇനിയെങ്കിലും കുടില തന്ത്രങ്ങള്‍ അവസാനിപ്പിച്ച് ശബരിമലയില്‍ ശാന്തിയും സമാധാനവും തിരികെ കൊണ്ടു വരണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.