By online desk.27 Dec, 2018
തിരുവനന്തപുരം: ഇടതു മുന്നണി നാല് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പരാജയം മുന്നില്‍ കണ്ടുള്ള മുന്നണി വിപുലീകരണമാണ് ഇടതുപക്ഷം നടത്തിയിരിക്കുന്നത്. ഐഎന്‍എല്‍ വര്‍ഗീയ പാര്‍ട്ടിയാണെന്നാണ് സിപിഎം നേരത്തെ പറഞ്ഞുകൊണ്ടിരുന്നത്. ആ നിലപാട് ഇപ്പോള്‍ മാറിയോ എന്നും ചെന്നിത്തല ചോദിച്ചു. വനിതാ മതിലിന്റെ പേരില്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരയും സിപിഎമ്മും സര്‍ക്കാരും ഭീഷണിപ്പെടുത്തുകയാണ്. പെന്‍ഷനില്‍ നിന്നും പോലും വതിനാ മതിലിന്റെ പേരില്‍ സര്‍ക്കാര്‍ കൈയിട്ടുവാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുന്ന പോലീസ് നടപടിയെ നാറാണത്തു ഭ്രാന്തനുമായാണ് ചെന്നിത്തല ഉപമിച്ചത്. സംരക്ഷണം നല്കി യുവതികളെ മലകയറ്റാന്‍ ശ്രമിക്കുന്ന പോലീസ് തന്നെ അവരെ തിരിച്ചിറക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നും പോലീസ് സുരക്ഷ നല്കി മനിതി സംഘത്തെ മലചവിട്ടാന്‍ കൊണ്ടുവന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.