Tuesday 19 March 2024




പിണറായി വിജയന്‍ അവിവേകിയായ ഭരണാധികാരി: ചെന്നിത്തല

By Online Desk .03 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: അവിവേകിയായ ഭരണാധികാരി അധികാരത്തിലെത്തിയാല്‍ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് കസ്റ്റഡിയിലുള്ളവരെ വേഷം മാറ്റി കൊണ്ടു പോകുന്നത് എന്ത് നവോത്ഥാനമാണെന്നും ചെന്നിത്തല ചോദിച്ചു. തിരക്കഥ മുഖ്യമന്ത്രിയുടേതാണ്. മുഖ്യമന്ത്രിയുടേത് തരംതാണ നടപടിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

ആക്ടിവിസ്റ്റുകളായ യുവതികളെ തിരഞ്ഞുപിടിച്ച് തന്റെ അജണ്ട നടപ്പാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. ഭക്തര്‍ക്ക് ഏറ്റത് ആഴത്തില്‍ ഉള്ള മുറിവാണ്. ഇതുടന്‍ ഉണങ്ങില്ല. പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും അന്തസ് ഇടിച്ച നടപടി കൂടിയാണിത്. മുഖ്യമന്ത്രി ചെയ്തത് ഭരണാധികാരിക്ക് ചേര്‍ന്ന് നടപടി അല്ല. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയുടെ റോളില്‍ ആണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

 

മതില്‍ കെട്ടിയവര്‍ തമ്മിലുള്ള ഐക്യം തകര്‍ന്നു. ജനങ്ങളെ വഞ്ചിച്ചുകൊണ്ടു കെട്ടിയ മതിലിനെ വഞ്ചനാ മതില്‍ എന്നു വിളിക്കാം. ആചാരങ്ങളുടെ കാര്യത്തില്‍ അവസാന വാക്കു തന്ത്രിയുടേതാണ്. തന്ത്രിയെ വിരട്ടാന്‍ മുഖ്യമന്ത്രി നോക്കണ്ട. കോ ലീ ബി സഖ്യം എന്ന ആരോപണം ബി ജെ പി യെ പരിപോഷിപ്പിക്കാന്‍ ഉള്ള മുഖ്യമന്ത്രിയുടെ നടപടിയുടെ ഭാഗമാണ്. കള്ള നാടകം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

 

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉള്ള ആക്രമണത്തെ അപലപിക്കുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു. പൈലറ്റ് വാഹനം വെട്ടി തിരിച്ചാണ് കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇടിച്ചതെന്നും ചെന്നിത്തല പറഞ്ഞു. കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യത്തില്‍ സാധാരണംമാണ്. സര്‍ക്കാരിനെതിരെ സന്ധി ഇല്ലാത്ത പോരാട്ടം നടത്തും. രണ്ട് യുവതികളെ കയറ്റി വിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയെന്നും ചെന്നിത്തല ആരോപിച്ചു.