By online desk.29 Dec, 2018
തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങളെ തകര്‍ത്തെറിയുന്നതാണ് വനിതാ മതിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിനെതിരെ സെക്രട്ടറിയേറ്റില്‍ നടന്ന വനിതാ സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വനിതാ മതിലിന്റെ ആവശ്യകതയെ കുറിച്ച് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണം. ന്യൂനപക്ഷങ്ങളെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും ക്ഷണിക്കാതെ ഹിന്ദു സംഘടനകളെ മാത്രം കൂടെ നിര്‍ത്തി ആരംഭിക്കുന്നത് വര്‍ഗ്ഗീയ മതിലാണ്. ഈ വനിതാ മതിലിന് ആളെ കൂട്ടാന്‍ തൊഴിലുറപ്പു പദ്ധതികള്‍ പണിയെടുക്കുന്നവരെ നിര്‍ബന്ധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ വനിതാമതിലിനെ പിന്തുണച്ചില്ലെങ്കില്‍ ദിവസവേതനം നടത്തുന്നവരുടെ ജോലി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല.
ശ്രീനാരായണഗുരുവും അയ്യങ്കാളിയും തുടങ്ങി വെച്ച നവോത്ഥാനമൂല്യങ്ങളെ ഇരുട്ടറയിലാക്കുകയാണ് ഇതിലൂടെ ഗവണ്മെന്റ് ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല വനിതാസംഗമത്തില്‍ പ്രതികരിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ നിരാകരിച്ച് വര്‍ഗ്ഗീയ പാര്‍ട്ടികളെയും വര്‍ഗ്ഗീയ സംഘടനകളെയും കൂട്ട് പിടിച്ചുള്ള ഭരണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.