Wednesday 07 December 2022




'എന്ത് കുപ്പായം തയ്പ്പിക്കണമെങ്കിലും നാലു വര്‍ഷം സമയമുണ്ട്'

By Priya.24 Nov, 2022

imran-azhar

 

തിരുവനന്തപുരം: ശശി തരൂര്‍ വിവാദത്തില്‍ കെ.മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി രമേശ് ചെന്നിത്തല. തരൂര്‍ വിവാദത്തിനു പിന്നില്‍ മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചവരാകാമെന്ന മുരളീധരന്റെ പരിഹാസത്തോടാണ് ചെന്നിത്തല പ്രതികരിച്ചത്.

 

എന്തു കുപ്പായം തയ്പ്പിക്കണമെങ്കിലും നാലു വര്‍ഷം സമയമുണ്ട്. ഇപ്പോഴേ ഒന്നും തയ്പ്പിക്കേണ്ടതില്ലെന്ന് ചെന്നിത്തല പറഞ്ഞു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും അദ്ദേഹം പിന്തുണച്ചു.

 

സതീശന്‍ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ ഇടമുണ്ട്. ഭിന്നിപ്പ് ഉണ്ടാകുന്നതിന് ആരും കാരണക്കാരാകരുത്. ഇത് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണെന്നും ചെന്നിത്തല പറഞ്ഞു.

 

പാര്‍ട്ടിയില്‍ ഒരു രീതിയുണ്ട്. അതനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായിരിക്കണം. എല്ലാ നേതാക്കന്‍മാര്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്. എന്നാല്‍ പ്രവര്‍ത്തനം പാര്‍ട്ടിയുടെ ചട്ടക്കൂടിലൂടെ വേണമെന്നു മാത്രം.

 

പരസ്യ പ്രസ്താവന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിലക്കിയിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.