Tuesday 17 September 2019




പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ കന്യാസ്ത്രീമാരും പ്രതികള്‍

By Subha Lekshmi B R.04 Mar, 2017

imran-azhar

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അഞ്ചു കന്യാസ്ത്രീകളും പ്രതിപ്പട്ടികയില്‍.ആകെ എട്ടു പ്രതികളാണുളളത്. കന്യാസ്ത്രീമാരും ഡോക്ടര്‍മാരമായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ അനീസ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ, മാതൃവേദി അംഗമായ തങ്കമ്മ നെല്ളിയാനി, ഡോ. ഹൈദരാലി എന്നിവരാണ് പ്രതികള്‍. എല്ളാ പ്രതികള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം (പോസ്കോ) ചുമത്തി. പേരാവൂര്‍ സിഐ സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിപ്പട്ടിക തയാറാക്കിയിരിക്കുന്നത്.

 

ഫാ. റോബിന്‍ വടക്കുംചേരിയാണ് കേസില്‍ ഒന്നാം പ്രതി. ഇയാള്‍ ഇപ്പോള്‍ തലശേരി സബ്ജയിലിലാണ്. ഇടവകാംഗവും മാതൃവേദി അംഗവുമായ തങ്കമ്മ നെല്ളിയാനിയാണ് രണ്ടാം പ്രതി. ഇവര്‍ ഒളിവിലാണ്. ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ സിസ്റ്റര്‍ ടെസി ജോസ് ആണ് മൂന്നാം പ്രതി. ഡോക്ടര്‍ ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവര്‍ നാലും അഞ്ചും പ്രതികളാണ്. ആശുപത്രിയുടെ ചുമതലയുള്ള സിസ്റ്റര്‍ ലിസി മരിയ ആണ് ആറാം പ്രതി. സിസ്റ്റര്‍ അനീസയും സിസ്റ്റര്‍ ഒഫീലയും ഏഴും എട്ടും പ്രതികളാണ്. ഇരുവരും വയനാട് വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍മാരാണ്.
ഈ രണ്ട് സിസ്റ്റര്‍മാരും ഒളിവില്‍ പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം.