Tuesday 17 October 2017

റെയ് മണ്ട് സ്ഥാപകന്‍ സാന്പത്തിക തകര്‍ച്ചയില്‍, കാരണം മകന്‍

By praveen prasannan.09 Aug, 2017

imran-azhar

മുംബയ്: വസ്ത്രവ്യാപാര രംഗത്തെ അതികായരായ റെയ് മണ്ട് ലിമിറ്റഡുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മുറുകുന്നു. കന്പനിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുത്ത ഡോ വിജയപത് സിംഘാനിയ മലബാര്‍ ഹില്ലിലെ ഡൂപ്ളിക്ക് മേല്‍ അവകാശം സ്ഥാപിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ബോംബേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കന്പനി, ഡൂപ്ളിയില്‍ അവകാശം സ്ഥാപിക്കുന്നതിന് ഇഞ്ചക്ഷന്‍ അനുവദിച്ചു.

ഡോ വിജയപതിന്‍റെ ആവശ്യപ്രകാരമാണ് ഇഞ്ചക്ഷന്‍ അനുവദിച്ചത്. ഇതിനെ കന്പനിയുടെ അഭിഭാഷകന്‍ ജനക് ദ്വാരകാദാസും എതിര്‍ത്തില്ല. എന്നാല്‍ മാസം ഏഴ് ലക്ഷം രൂപ ഡോ വിജയ് പതിന് നല്‍കണമെന്നും അദ്ദേഹത്തിന് ബദല്‍ താമസസൌകര്യം എര്‍പ്പെടുത്താന്‍ കന്പനിക്ക് ബാധ്യതയുണ്ടെന്നുമുള്ള വാദത്തെ അദ്ദേഹം എതിര്‍ത്തു.

മറുപടി സത്യവാങ്ങ്മൂലം നല്‍കാന്‍ സമയം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച അഡ്വ ദ്വാരകാദാസ് ഡോ വിജയപതിന് ഡൂപ്ളി കൈമാറണമെന്നും വാടക നല്‍കണമെന്നുമുള്ള പ്രമേയം കന്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകള്‍ നിരസിച്ചതാണെന്നും അറിയിച്ചു. റെയ് മണ്ട് സ്ഥാപിച്ച് വളര്‍ത്തിയെടുത്തത് വിജയപതാണെങ്കിലും ആയിരം കോടി രൂപ വില വരുന്ന സ്വന്തം ഓഹരികള്‍ മുഴുവന്‍ അദ്ദേഹം മകന്‍ ഗൌതമിന് കൈമാറിയിരുന്നു.എഴുപത്തിയെട്ടുകാരനായ ഡോ വിജയ പത് സ്വത്ത് മുഴുവന്‍ മകന് നല്‍കുകയായിരുന്നു.

ഇപ്പോള്‍ ഡോ വിജയ് പതിന് അര്‍ഹിക്കുന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്നും ജീവിക്കാന്‍ പ്രയാസപ്പെടുകയാണെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ദിന്‍യര്‍ മദന്‍ കോടതിയെ അറിയിച്ചു. മകന്‍ അദ്ദേഹത്തെ അടുപ്പിക്കുന്നില്ല. അദ്ദേഹത്തിന് നല്‍കിയിരുന്ന കാറും ഡ്രൈവറെയും പോലും പിന്‍വലിച്ചു.

എന്നാല്‍ കേസില്‍ ഗൌതം കക്ഷിയല്ലെന്നും റെയ് മണ്ട്, പഷ്മിന എന്നീ കന്പനികളാണ് ഇതില്‍ ഭാഗഭാക്കാകുന്നതെന്നും കന്പനിയുടെ അഭിഭാഷകന്‍ വാദിച്ചു. ജെ കെ ഹൌസ് 1960ല്‍ ഉദ്ഘാടനം ചെയ്യുന്പോള്‍ 14 നിലകളാണുണ്ടായിരുന്നത്. ഇതിലെ നാല് ഡൂപ്ളികള്‍ റെയ് മണ്ടിന്‍റെ അനുബന്ധ കന്പനിയായ പഷ്മിന ഹോള്‍ഡിംഗിന് പിന്നീട് കൈമാറി. കെട്ടിടം പുനര്‍ നിര്‍മ്മിക്കാന്‍ 2007 ല്‍ തീരുമാനിച്ചു.

പുനര്‍നിര്‍മ്മിക്കപ്പെട്ട 36 നിലയുള്ള ജെ കെ ഹൌസിലെ 27, 28 നിലകളിലെ ഡൂപ്ളിയെ ചൊല്ലിയാണ് കേസ്. കരാര്‍ പ്രകാരം ഡോ വിജയ് പത്, ഗൌതം, വിജയ് പതിന്‍റെ സഹോദരന്‍ അജയപത് സിംഘാനിയയുടെ ഭാര്യ വീണദേവി ,മക്കളായ അനന്ത്, അക്ഷയ്പത് എന്നിവര്‍ക്ക് 5185 ചതുരശ്ര അടിയുള്ള ഓരോ ഡൂപ്ളിക്ക് വീതം അവകാശമുണ്ട്. ചതുരശ്ര അടിക്ക് 9000 രൂപ ഈടാക്കി വേണം നവീകരിക്കപ്പെട്ട ജെ കെ ഹൌസില്‍ ഇത് നല്‍കേണ്ടത്.

എന്നാല്‍ ഇപ്പോള്‍ ഗൌതം നാല് ഡൂപ്ളികളും കൈവശം വച്ചിരിക്കുകയാണെന്ന് അഡ. മദന്‍ കുറ്റപ്പെടുത്തി. ഒരെണ്ണത്തിന് മാത്രമേ ഗൌതമിന് അവകാശമുള്ളൂ. എന്നാല്‍ കേസ് കകക്ഷികള്‍ തമ്മില്‍ സംസാരിച്ച് തീര്‍ത്തുകൂടേ എന്ന് കോടതി ആരാഞ്ഞു. ഇത്തരം കേസുകള്‍ കോടതിയിലെത്തും മുന്പ് തീര്‍പ്പാക്കേണ്ടതാണെന്ന് ജസ്റ്റിസ് ഗിരീഷ് കുല്‍ക്കര്‍ണ്ണി പറഞ്ഞു.

സംസാരിച്ച് തീര്‍ക്കാന്‍ ശ്രമിക്കാമെന്ന് ഇരു കക്ഷികളുടെയും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. റെയ് മണ്ട് ആഗസ്ത് 18ഓടെ മറുപടി നല്‍കണമെന്ന് കോടതി അറിയിച്ചു. കേസ് 22ന് വീണ്ടും പരിഗണിക്കും.