By Avani Chandra.06 May, 2022
കീവ്: റഷ്യന്‍ മിസൈല്‍ ക്രൂസര്‍ യുദ്ധക്കപ്പലായ മോസ്ക്വ കരിങ്കടലില്വച്ചു തകര്‍ക്കാന്‍ യുക്രെയിനിനെ യുഎസ് സഹായിച്ചതായി റിപ്പോര്‍ട്ട്. യുക്രെയ്ന്റെ നെപ്ട്യൂണ്‍ മിസൈലാക്രമണത്തിലാണ് കരിങ്കടലിലെ റഷ്യന്‍ ആധിപത്യത്തിന്റെ ചിഹ്നമായിരുന്ന ഈ കപ്പല്‍ തകര്‍ന്നത്. യുക്രെയ്ന് സൈന്യം സഹായം അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോസ്ക്വയുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ നല്കി യുഎസ് സഹായിച്ചതെന്നാണ് വിവരം. അതേസമയം, റഷ്യന്‍ കപ്പല്‍ തകര്‍ക്കാനുള്ള നീക്കമാണ് യുക്രെയ്ന് നടത്തുന്നതെന്ന കാര്യത്തില്‍ യുഎസിന് ധാരണയുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
യുദ്ധക്കപ്പല്‍ കരിങ്കടലില്‍ കണ്ടതോടെ കൂടുതല്‍ വിവരങ്ങള്‍ തേടി യുക്രെയ്ന് സൈന്യം യുഎസ് അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. കപ്പല്‍ മോസ്ക്വ തന്നെയാണെന്നു സ്ഥിരീകരിച്ച യുഎസ്, കപ്പലിന്റെ കൃത്യ സ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യുക്രെയ്ന് കൈമാറി. തുടര്‍ന്ന് ഏപ്രില്‍ 14ന്, പാഞ്ഞെത്തിയ യുക്രെയ്ന് ക്രൂയിസ് മിസൈലുകള്‍ യുദ്ധകപ്പല്‍ തകര്‍ത്ത് കരിങ്കടലില്‍ മുക്കുകയായിരുന്നു. യുക്രെയ്നെതിരായ ആക്രമണം ആരംഭിച്ച ശേഷം റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു ഇത്.
റഷ്യന്‍ യുദ്ധക്കപ്പല്‍ ആക്രമിക്കാനുള്ള നീക്കമാണ് യുക്രെയ്ന് നടത്തുന്നതെന്ന കാര്യം വിവരങ്ങള്‍ കൈമാറുമ്പോള്‍ യുഎസ് അറിഞ്ഞിരുന്നില്ലെന്നും സൂചനയുണ്ട്. റഷ്യന്‍ യുദ്ധക്കപ്പല്‍ ആക്രമിക്കാനുള്ള തീരുമാനത്തിലും യുഎസ് പങ്കാളിയായിരുന്നില്ല. യുക്രെയ്ന് ആക്രമണത്തില്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന വിവരം സ്ഥിരീകരിക്കാന്‍ ആദ്യഘട്ടത്തില്‍ റഷ്യ തയാറായിരുന്നില്ല. കപ്പലില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് തീപിടിച്ചുവെന്നായിരുന്നു അവരുടെ വിശദീകരണം.