By online desk .10 Apr, 2020
ബെയ്ജിംഗ്: ലോകത്ത് പ്രധാന രാജ്യങ്ങളിലെല്ലാം കോവിഡ് 19 വ്യാപിച്ചതോടെ
മാസ്കുകള്‍ക്കും പിപിഇ കിറ്റുകള്‍ക്കും ക്ഷാമം നേരിടുകയാണ്. വിദേശരാജ്യങ്ങളില്‍ ലക്ഷക്കണക്കിന് മാസ്കുകളും കിറ്റുകളുമാണ് ദിവസേന ആവശ്യം വരുന്നത്. നിലവില്‍ ഫിന്‍ലാന്റിന് 5,00,000 ഫേസ്മാസ്കുകളും 50,000 റെസ്പിറേറ്റര്‍ മാസ്കുകളും ദിവസേന ആവശ്യമുണ്ട്. എന്നാല്‍ അപര്യാപ്തത പരിഹരിക്കാന്‍ ചൈന കയറ്റുമതി ചെയ്ത മാസ്കുകളും കിറ്റുകളും ഗുണനിലവാരമുള്ളവയല്ല എന്നതിനാല്‍ തിരിച്ചയച്ചിരിക്കുകയാണ് സ്പെയിന്, നെതര്‍ലാന്റ്സ്, തുര്‍ക്കി, ആസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങള്‍.
കോവിഡിനെ പ്രതിരോധിക്കാന്തക്കവണ്ണം ഗുണനിലവാരമില്ലെന്നാരോപിച്ചാണ് 20 ലക്ഷം സര്‍ജിക്കല്‍ ഫേസ്മാസ്കുകളും 2,30,000 റസ്പിറേറ്റര്മാസ്കുകളും ഫിന്‍ലാന്റ് തിരിച്ചയച്ചത്. ഉത്പാദിപ്പിക്കുന്ന മാസ്കുകള്‍ ചൈന രണ്ട് തവണ പരിശോധന നടത്തുന്നില്ലെന്നാണ് മറ്റു രാജ്യങ്ങളുടെ പരാതി. ആശുപത്രികളില്‍ ഇവ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും പകരം വീടുകളുലും മറ്റും ആളുകള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമേ ഇവ ഉപകരിക്കൂ എന്നാണ് ഫിന്‍ലാന്റ് ആരോഗ്യമന്ത്രി പറയുന്നത്. കാനഡയിലെ ടൊറോന്റോയിലേക്ക് കൊണ്ടു വന്ന 62,600 മാസ്കുകള്‍ കഴിഞ്ഞദിവസം തിരിച്ചയയ്ക്കുകയുണ്ടായി. സ്പെയിന് 3,40,000 കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു ഇതില്‍ 60,000 എണ്ണം കോവിഡ് 19 പരിശോധന കൃത്യമായി നടത്താന്‍ പര്യാപ്തമല്ല എന്ന് കണ്ടെത്തിയാണ് തിരിച്ചയച്ചത്. എന്നാല്‍ കയറ്റിയച്ച മാസ്കുകള്‍ സര്‍ജിക്കല്‍ അല്ല എന്ന് തങ്ങള്‍ അറിയച്ചതായാണ് ചൈനയുടെ വാദം.