Saturday 04 April 2020
നഗര റോഡുകൾ മരണവഴികൾ

By online desk .19 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: റോഡിലെ കുഴികളില്‍ യാത്രക്കാര്‍ വീണ് മരിക്കുന്നത് പതിവാകുമ്പോഴും കണ്ണടച്ചിരുട്ടാക്കി മഴയെയും കാലാവസ്ഥയെയും പഴിചാരി രക്ഷപ്പെടുന്ന അധികൃതര്‍. കുഴികളുള്ളതും കുഴിച്ചതുമായ റോഡുകള്‍ സംസ്ഥാനത്തുടനീളം ഒരു പ്രധാന ആശങ്കയായി നില്‍ക്കുകയാണ്. തലസ്ഥാന നഗരത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇത് കാര്യമാക്കാതെ പോകുമ്പോള്‍ അത് കൂടുതല്‍ വഷളാവുകയാണ്. കുഴികളുടെ എണ്ണവും ആഴവും കൂടി വരുന്നു. പൈപ്പുകള്‍ പൊട്ടിയൊലിച്ചും, പൊടിയും പുകയും കൊണ്ട് അന്തരീക്ഷ മലിനീകരണവും രൂക്ഷമായിരിക്കുകയാണ്. നഗരത്തിലെ വിവിധ റോഡുകളിലൂടെയുള്ള യാത്ര നരകയാത്രയായി മാറിക്കഴിഞ്ഞു. ഈ റോഡുകളില്‍ പലതും ഉയര്‍ന്ന വാഹന സാന്ദ്രതയുള്ള മേഖലകളാണ്. ഇവയെല്ലാം പ്രധാന ബസ് റൂട്ടുകളാണേറെയും. മിക്കറോഡുകളുടെ വശങ്ങളിലും ടാര്‍ വീപ്പകളും, മെറ്റലും ഇറക്കിയിട്ടുണ്ട്. ഇവയും യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതം വിതയ്ക്കുകയാണ്. നഗരത്തിലെ അപകടകരമായ ചില റോഡുകളിലൂടെ നടത്തിയ യാത്രയില്‍ കണ്ടത്.


* ജഗതി - പൂജപ്പുര റോഡ്

 

ജഗതിയില്‍ നിന്ന് പൂജപ്പുരയിലേക്ക് പോകുന്ന റോഡില്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള ജഗതി പാലത്തിന് സമീപം ഒരു വലിയ കുഴിയുണ്ട്. പന്ത്രണ്ട് പേര്‍ക്ക് ഇതിനകം തന്നെ ആ കുഴിയില്‍ വീണ് പരിക്കേറ്റിട്ടുണ്ടെന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ പറയുന്നു. നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അധികാരികള്‍ ഇത് ഗൗരവമായി കാണുന്നില്ല. മുന്നിലുള്ള മരണക്കുഴിയെക്കുറിച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഈ പ്രദേശത്തെ ആള്‍ക്കാര്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കാന്‍ പോവുകയാണ്. ചില സമയങ്ങളില്‍ നാട്ടുകാരില്‍ ചിലര്‍ ഈ കുഴി അടയ്ക്കും. കുഴി അടയ്ക്കാന്‍ മണ്ണും പാറയും പുല്ലുമൊക്കെയാണ് ഉപയോഗിക്കുന്നത്. മഴപെയ്താല്‍ മണ്ണെല്ലാം ചെളിയായി റോഡില്‍ പരക്കും. കുഴിയില്‍ നിന്നും മണ്ണ് മാറി വെള്ളെകെട്ടും. ഈ വെള്ളക്കെട്ടില്‍ അറിയാതെ വീഴുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്കാണ് വലിയ പരിക്കുകള്‍ പറ്റുന്നത്. ജഗതി ട്രാഫിക് ജംഗ്ഷന്‍ മുതല്‍തന്നെ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാല്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ വേഗത കുറച്ചാണ് പോകുന്നത്. അതിനാല്‍ കുഴിയില്‍ വീഴുന്ന യാത്രക്കാര്‍ക്ക് വലിയ അപകടങ്ങള്‍ ഉണ്ടാകുന്നില്ലെന്നത് ആശ്വാസമാണ്. ഇനിയും ഈ കുഴികള്‍ അടയ്ക്കുകയോ, റോഡ് ടാറിടുകയോ ചെയ്തില്ലെങ്കില്‍ വന്‍ അപകടങ്ങള്‍ക്ക് സാധ്യത ഏറെയാണെന്നും നാട്ടുകാര്‍ പറയുന്നു. പൊലീസ് ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ബസുകളും ട്രക്കുകളും ബാരിക്കേഡുകള്‍ ഇടിച്ച് നശിപ്പിച്ചു കഴിഞ്ഞു. പാലത്തില്‍ നിന്നും ജഗതി ജംഗ്ഷനിലേക്കുള്ള റോഡിലൂടെ ചെറുതും ഇടത്തരവുമായ നിരവധി കുഴികളുണ്ട്.


* പൂജപ്പുര - തിരുമല റോഡ്

 

എപ്പോഴും അപകടം പതിയിരിക്കുന്ന ജംഗ്ഷനും റോഡുമാണ് പൂജപ്പുര-തിരുമലറോഡ്. ജഗതിയില്‍ നിന്നും വരുന്ന വാഹനങ്ങളും കരമനയില്‍ നിന്നു വരുന്ന വാഹനങ്ങളും തിരുമലയിലേക്ക് പോകുന്നത് ഇതുവഴിയാണ്. കല്‍മണ്ഡപത്തിനു മുന്‍വശത്തെ ട്രാഫിക് ജംഗ്ഷന്‍ തകര്‍ന്നു തരിപ്പണമായിക്കഴിഞ്ഞു. മഴയെന്നെഴുതിയാല്‍ വെള്ളം കെട്ടുന്ന ഈ ജംഗ്ഷനില്‍ സ്ഥിരം അഞ്ച് അപകടങ്ങളെങ്കിലും നടക്കും. എന്നാല്‍, എപ്പോഴും ഇവിടെ ആള്‍ക്കാരുള്ളതു കൊണ്ടും വാഹനങ്ങള്‍ തിങ്ങി നിറഞ്ഞു പോകുന്നതു കൊണ്ടും അപകടങ്ങള്‍ക്ക് തീവ്രത കുറവാണ്. അതുകൊണ്ട് കൂടിയാണ് മരണങ്ങള്‍ സംഭവിക്കാത്തതെന്നാണ് ഇവിടുത്തെ കച്ചവടക്കാര്‍ പറയുന്നത്. എന്നാല്‍, തിരക്കു കുറയുന്ന രാത്ര സമയങ്ങളില്‍ ചെത്തു പയ്യന്‍മാരുടെ പാച്ചിലുണ്ട്. കണ്ടാല്‍, പേടിതോന്നുന്ന രീതിയിലാണ് ഇവരുടെ പോക്ക്. പിന്നിലിരിക്കുന്ന ആള്‍ക്ക് ഹെല്‍മെറ്റൊന്നും കാണില്ല.പൂജപ്പുര പൊലീസിന്റെ ഒരു നിരീക്ഷണ വണ്ടി പാര്‍ക്കിന് സമീപത്ത് എപ്പോഴും ഉണ്ടാകുമെങ്കിലും മോശം റോഡിലുണ്ടാകുന്ന അപകടങ്ങളില്‍ അവര്‍ നിസ്സഹായരാണ്.


* തിരുമല - വലിയവിള റോഡ്

 

തിരുമല-വലിയവിള റോഡിലേക്ക് കടക്കുമ്പോള്‍ തന്നെ ചെറിയ ചെറിയ കുഴികളാണ് വാഹനത്തെ എതിരേല്‍ക്കുന്നത്. അരയല്ലൂരില്‍ എത്തുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകും. അവിടെ നിരവധി വലിയ ഗര്‍ത്തങ്ങളും റോഡിന് ഇരുവശത്തും പടര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകളിലെഡ്രെയിനേജ് മലിനജലവും വാഹനമോടിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കുന്നുണ്ട്. ഇവിടെ അപകടങ്ങള്‍ പതിവായിക്കഴിഞ്ഞെന്ന് റോഡിന് സമീപത്തുള്ള വര്‍ക്ക്‌ഷോപ്പിലെ തൊഴിലാളികള്‍ പറയുന്നു. പ്രധാനമായും ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്ന ജോലി കൂടി ഇപ്പോള്‍ ചെയ്യുന്നുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു. രാത്രി സമയങ്ങളില്‍ തെരുവുവിളക്കുകള്‍ ഈ ഭാഗത്ത് കത്തില്ല. ഒരു വര്‍ഷമായി തല്‍സ്ഥിതി തുടരുന്നു. അപകട സാധ്യത വര്‍ദ്ധിപ്പിച്ചതിന് പ്രാധാന കാരണം ഇതാണ്.

 

* മഞ്ചാടിമൂട് - വട്ടിയൂര്‍കാവ് റോഡ്

 

വട്ടിയൂര്‍കാവിനടുത്തുള്ള മഞ്ചാടിമൂട് റോഡിന് ഒരു മോട്ടോര്‍ സൈക്കിളിനെ പൂര്‍ണ്ണമായും വിഴുങ്ങാനാകുന്ന ഒരു കുഴിയുണ്ട്. രണ്ട് മാസം മുമ്പ് റോഡ് പുനര്‍നിര്‍മ്മിച്ചപ്പോള്‍ ഈ കുഴിയുടെ പകുതി അടച്ചിരുന്നു, ബാക്കി പകുതി ഇപ്പോഴും അവശേഷിക്കുന്നു. വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിരന്തരം ശ്രമിച്ച് പരാജയപ്പെട്ടെന്ന് മഞ്ചാടിമൂട്ടിലെ ചുമട്ടു തൊഴിലാളികള്‍ പറയുന്നു.

 

* ശാസ്തമംഗലം - പൈപ്പിന്‍മൂട് റോഡ്

 

നഗരത്തിലെ ഏറ്റവും മോശം റോഡുകളില്‍ ഒന്നാണിതെന്ന് പൈപ്പിന്‍മൂട് ജംഗ്ഷനില്‍ ഒരു ഷോപ്പ് നടത്തുന്ന ലോട്ടറി ഏജന്റ് പറയുന്നു. റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് റോഡ് വേഗത്തില്‍ കുളമാകാന്‍ കാരണമായത്. മഴ പെയ്യുമ്പോള്‍ കുഴികള്‍ വെള്ളക്കെട്ടായിത്തീരുന്നു. ഇത് വാഹനമോടിക്കുന്നവര്‍ക്ക് കുഴികളുടെ ആഴം മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. കുഴിയില്‍ തട്ടി ബാലന്‍സ് നഷ്ടപ്പെടുന്ന ബൈക്ക് യാത്രികനും ബൈക്കും എതിര്‍ ദിശയില്‍ നിന്ന് വരുന്നവാഹനത്തിന്റെ മുമ്പിലേക്കാണ് വീഴുന്നത്. അടുത്തിടെ ഇത്തരത്തില്‍ ഒരു കാറും ബൈക്കും അപകടത്തില്‍പ്പെട്ടു. റീ ടാറിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ മുമ്പ് നടന്നിരുന്നുവെങ്കിലും, അശാസ്ത്രീയമായ നിര്‍മ്മാണവും ജല- ഡ്രൈനേജ് സൗകര്യത്തിന്റെ അഭാവവും കാരണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുഴികള്‍ വീണ്ടും രൂപപ്പെട്ടു.

 

* ലോ കോളേജ് ജംഗ്ഷന്‍ - തമ്പുരാന്‍ മുക്കു റോഡ്

 

ലോ കോളേജ് ജംഗ്ഷനില്‍ നിന്ന് കുന്നുകുഴി വഴിയുള്ള റോഡിന്റെ ചില ഭാഗങ്ങള്‍, തമ്പുരാന്‍ മുക്കിലേക്കുള്ള എല്ലാവഴികളും കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വാട്ടര്‍ അതോറിട്ടിയുടെ ജോലികള്‍ കാരണം തകര്‍ന്ന നിലയിലാണ്. റോഡിന്റെ മധ്യഭാഗത്തുള്ള ചില പ്രദേശങ്ങളില്‍ മാത്രം ടാറിംഗ് കാണാനാകും. മഴ പെയ്താല്‍ ഇതുവഴി ജീവന്‍ പണയം വെച്ചാണ് യാത്ര ചെയ്യുന്നത്. ചെളിനിറഞ്ഞ ചതുപ്പുനിലമാക്കി മാറ്റിയതിനാല്‍ എപ്പോള്‍ വേണമെങ്കിലും അപകടം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ലോ കോളേജ് ജംഗ്ഷന് സമീപമുള്ള റോഡിന്റെ പ്രവേശന സ്ഥലത്ത് റോഡ് ക്ലോസ്ഡ് ബോര്‍ഡ് വെച്ചിട്ടുണ്ടെങ്കിലും യാത്രക്കാര്‍ അതൊന്നും ശ്രദ്ധിക്കാറില്ലെന്നത് അപകടത്തിന് മറ്റൊരു കാരണമെന്ന് ഇവിടുത്തെ കടക്കാര്‍ പറയുന്നു.

 

* സുബാഷ് നഗര്‍ - മുട്ടത്തറ റോഡ്

 

ഈ റോഡ് വാഹനയാത്രയ്ക്ക് സ്ഥിരമായി ഉപയോഗിക്കില്ലെങ്കിലും, ഈഞ്ചക്കല്‍ ജംഗ്ഷനില്‍ തടസ്സങ്ങള്‍ ഉണ്ടായാല്‍ ബൈപാസിനോട് ചേര്‍ന്നുള്ള സമാന്തര പാതയായതിനാന്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന മറ്റൊരു റോഡാണിത്. നഗരത്തിലെ ഏറ്റവും വലിയ മാന്‍ഹോളുകള്‍ ഈ റോഡിലാണുള്ളത്. റോഡിന്റെ പ്രത്യേകതയും ഇതാണ്. റോഡിന് സമീപത്തെ മതിലുകളില്‍ വി.എസ് ശിവകുമാര്‍ എംഎല്‍എയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനെയും കുറ്റപ്പെടുത്തുന്ന പോസ്റ്ററുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും പതിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പ് മുട്ടത്തറയ്ക്ക് സമീപം കേടായ ഒരു പൈപ്പും ഒരു വലിയ കുഴിയിലേക്ക് ഇറക്കിയിട്ടുണ്ട്. പ്രധാനമായും ശംഖുംമുഖം ബീച്ചിലേക്ക് പോകുന്ന ആളുകള്‍ ഉപയോഗിക്കുന്ന ബസ് റൂട്ടിലൂടെ വരുന്ന ഗതാഗതത്തിന് മുന്നറിയിപ്പ് നല്‍കാന്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല. ഔദ്യോഗികവും നാഗരികവുമായ നിസ്സംഗത ബാധിക്കുന്ന പ്രധാന റോഡുകള്‍ മാത്രമല്ല, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ബൈ റോഡുകളും സമാനമായി ബാധിക്കുന്നുണ്ട്.

 

* റോഡുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് മരാമത്ത് വകുപ്പ് അധികൃതര്‍

 

ഈ പ്രശ്നങ്ങള്‍ എത്രയുംവേഗം പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍. ബിറ്റുമിനസ് മെറ്റല്‍ പ്രൊട്ടക്റ്റീവ് കോട്ടിംഗ് (ബിഎംപിസി) നടത്തുന്നതിന്റെ ഭാഗമായി നിരവധി റോഡുകളില്‍ പണി പുരോഗമിക്കുകയാണ്. തിങ്കളാഴ്ചയോടെ, തിരുമല ഭാഗത്ത് നിര്‍മ്മാണം ആരംഭിക്കും. പിഡബ്ല്യുഡിയുടെ അധികാര പരിധിയില്‍ വരുന്ന പൊട്ടിപ്പൊളിഞ്ഞ എല്ലാ റോഡുകളിലും ക്രമേണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കാലാവസ്ഥ കൂടെ പരിഗണിക്കേണ്ടതുണ്ട്. മഴയുള്ളപ്പോള്‍ ടാര്‍ ചെയ്യാനാകില്ല. എന്നാല്‍, മഴയില്ലാത്ത സമയങ്ങളിലെല്ലാം അത്തരം എല്ലാ സൈറ്റുകളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പണികളും, ടാറിംഗും വേഗതത്തിലാക്കുമെന്നും അധികൃതര്‍ പറഞ്ഞു.