Tuesday 20 August 2019




ശബരിമല; കമ്മിഷണർക്കെതിരെ ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ പരാതി

By Sarath Surendran.07 Oct, 2018

imran-azhar


പത്തനംതിട്ട : ശബരിമലയില്‍ സ്ത്രീപ്രവേശനം കോടതി വിധിയുള്ളതിനാല്‍ ആരെയും തടയാനാവില്ലെന്നു ദേവസ്വം കമ്മിഷണര്‍ എന്‍.വാസു അറിയിച്ചു. തുലാമാസ പൂജയ്ക്കുതന്നെ സ്ത്രീകള്‍ക്കുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തയാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ദേവസ്വം കമ്മിഷണര്‍ പരസ്യപ്രസ്താവന നടത്തിയതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു.


തുലാമാസപൂജയ്ക്കു ശബരിമലയിൽ സ്ത്രീകളെത്തിയാല്‍ തടയില്ലെന്ന് കമ്മിഷണര്‍ പറഞ്ഞു. പത്തിനും അന്‍പതുവയസിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ മലകയറുന്നതു തടയാന്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിരുന്ന പരിശോധനാ സംവിധാനം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനം അടുത്ത ബോര്‍ഡ് യോഗത്തിൽ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

സുപ്രീംകോടതിയുടെ വിധിപ്രകാരം പമ്പയിലും ശബരിമലയിലും സ്ത്രീകള്‍ക്കായി പ്രത്യേകം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ വിശദീകരിച്ചു ദേവസ്വംബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു തൊട്ട് പിന്നാലെയാണു ദേവസ്വം കമ്മിഷണര്‍ എന്‍.വാസു മാധ്യമങ്ങളെ കണ്ടത്.

 

അതേ സമയം സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിനെതിരെ ഉയരുന്ന പ്രതിഷേധത്തിനിടെ ദേവസ്വം കമ്മിഷണര്‍ വാര്‍ത്താസമ്മേളനം നടത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ രംഗത്തെത്തി. കമ്മിഷണറുടെ നടപടിക്കെതിരെ ദേവസ്വം മന്ത്രിക്ക് ബോര്‍ഡ് പ്രസിഡന്റ് പരാതിയും നല്‍കിയിട്ടുണ്ട്.