Tuesday 19 March 2024




മാതാ അമൃതാനന്ദ മയിയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി

By Online Desk .21 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിചിത്രമായ വാദം നടത്തിയ മാതാ അമൃതാനന്ദമയിയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ശബരിമല കര്‍മ്മസമിതി പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ അയ്യപ്പഭക്തസംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ടായിരുന്നു അമൃതാനന്ദമയി ശബരിമല വിഷയത്തില്‍ പ്രതികരിച്ചത്. 'ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം. ആചാരങ്ങളില്ലെങ്കില്‍ ക്ഷേത്രങ്ങള്‍ നൂല്‍ പൊട്ടിയ പട്ടങ്ങള്‍ പോലെയാകും. ആചാരങ്ങളെയും ക്ഷേത്രസങ്കല്‍പങ്ങളെയും കുറിച്ച് അറിവില്ലാത്തവരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ദൈവങ്ങള്‍ക്ക് സ്ത്രീ പുരുഷവ്യത്യാസമില്ല. എന്നാല്‍ ദൈവങ്ങള്‍ക്കും ക്ഷേത്രപ്രതിഷ്ഠയ്ക്കും വ്യത്യാസമുണ്ട്. കടലിലെ മത്സ്യവും അക്വേറിയത്തിലെ മത്സ്യവും തമ്മിലുള്ള വ്യത്യാസമാണത്. സമുദ്രത്തിലെ മത്സ്യത്തിന് ഒരു പരിചരണവും വേണ്ട. എന്നാല്‍ അക്വേറിയത്തിലെ മത്സ്യങ്ങള്‍ക്ക് ഇടയ്ക്ക് വെള്ളം മാറ്റിക്കൊടുക്കണം. ഓക്‌സിജന്‍ കിട്ടാന്‍ സംവിധാനമൊരുക്കണം. ഭക്ഷണം കൊടുക്കണം.

 

നദിയില്‍ ആര്‍ക്കും എങ്ങിനെയും കുളിക്കാം. എന്നാല്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിന് നിയമങ്ങളേറെയുണ്ട്. അതിലിറങ്ങുന്നതിന് മുമ്പ് കുളിക്കണം. പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കണം. സോപ്പും എണ്ണയും ഉപയോഗിക്കരുത്. എന്നാല്‍ രണ്ടിടത്തേയും വെള്ളം ഒന്നുതന്നെയാണ്. അതുപോലെയാണ് ദൈവവും ക്ഷേത്രപ്രതിഷ്ഠയും അതിലെ ആചാരങ്ങളും. പ്രതിഷ്ഠയ്ക്ക് നിവേദ്യങ്ങള്‍ വേണം, പ്രത്യേക പൂജകള്‍ വേണം, ആചാരാനുഷ്ഠാനങ്ങള്‍ വേണം. വ്യവസ്ഥയനുസരിച്ച് ക്ഷേത്ര പ്രതിഷ്ഠ മൈനറാണ്. അതിന് സംരക്ഷകരുണ്ട്. അത് തന്ത്രിയും മേല്‍ശാന്തിയും വിശ്വാസികളുമാണ്. വിശ്വാസമില്ലാത്തവര്‍ ക്ഷേത്രത്തില്‍ മലമൂത്രവിസര്‍ജ്ജനം വരെ നടത്തിയെന്നിരിക്കും. അവര്‍ ക്ഷേത്രത്തെ നശിപ്പിക്കും. ആചാരപരിഷ്‌കരണത്തിന് ഇറങ്ങുന്നവര്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്നവരെ പോലെയാണ്,' ഇതായിരുന്നു കഴിഞ്ഞ ദിവസം അമൃതാനന്ദമയി പറഞ്ഞത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പരിഹാസം ഉയര്‍ന്നിരുന്നു.

 

സ്വാമി സന്ദീപാനന്ദഗിരിയും മാതാ അമൃതാനന്ദമയിക്കുമെതിരെ പരോക്ഷ പരിഹാസവുമായി രംഗത്തെത്തി. '#മക്കളേ.....അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ...' എന്നാണ് സന്ദീപാനന്ദഗിരി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'സുച്ചിട്ടാല്‍ ലൈറ്റ് കത്തും ലൈറ്റിട്ടാല്‍ സുച്ച് കത്തൂല മക്കളേ,' എന്നും സന്ദീപാനന്ദഗിരി കമന്റായി ചേര്‍ത്തിട്ടുണ്ട്. ശബരിമല ആചാരത്തെ മത്സ്യവുമായി ബന്ധപ്പെടുത്തിയ അമൃതാനന്ദമയിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളിന് ഇടയാക്കിയിട്ടുണ്ട്. പ്രസംഗത്തിനിടെ 'അയ്യപ്പന്‍ കീ ജയ്' എന്ന് മുദ്രാവാക്യം വിളിച്ചതും ട്രോളിന് കാരണമായി.