Tuesday 19 March 2024




കിലോമീറ്ററുകളോളം ഇന്ത്യന്‍ ഭൂമി ചൈന കയ്യേറിയതിന്റെ ഉപഗ്രഹ ചിത്രം പുറത്ത്

By praveenprasannan.25 Jun, 2020

imran-azhar

ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിക്കുളളില്‍ ചൈന കയ്യേറിയ കിലോമീറ്ററുകളോളം പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ഗല്‍വാന്‍ താഴ്വരയില്‍ നിയന്ത്രണ രേഖയുടെ ഇരുഭാഗങ്ങളിലും ചൈന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തുവന്നത്.



ഈ മാസം 15 ന് ഏറ്റുമുട്ടലുണ്ടായെന്നു കരുതുന്ന പട്രോള്‍ പോയിന്റ് 14 ന് അടുത്തുളള ചിത്രങ്ങളാണു പുറത്തുവന്നത്. മേയ് 22ലെ ഉപഗ്രഹ ചിത്രത്തില്‍ ഇവിടെ ഒരു ടെന്റ് മാത്രമാണുള്ളത്. പട്രോള്‍ പോയിന്റ് 14 നു ചുറ്റും കയ്യേറ്റം നടന്നിട്ടുള്ളതായാണ് അടയാളങ്ങള്‍ വ്യക്തമാക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. വലിയ വാഹനങ്ങളും ചിത്രങ്ങളില്‍ ഉണ്ട്.

 

നിയന്ത്രണ രേഖയ്ക്ക് ഒരു കിലോമീറ്റര്‍ മാത്രം അകലെ ഗല്‍വാന്‍ നദിക്കു കുറുകെ ചെറുപാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒരു ഉപഗ്രഹ ചിത്രത്തില്‍ ഗല്‍വാന്‍ നദിയുടെ ഒഴുക്ക് തടസപ്പെടുത്താന്‍ ശ്രമിക്കുന്നതും കണ്ടെത്തിയിരുന്നു. 


നിയന്ത്രണ രേഖയിലേക്കുളള റോഡിന്റെ വീതിയും ചൈന കൂട്ടിയിട്ടുണ്ട്. എന്നാല്‍ ഗല്‍വാനിലെ ഇന്ത്യന്‍ ഭാഗത്ത് സമാനമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇല്ല. ഈ പ്രദേശത്തിന് ആറ് കിലോമീറ്റര്‍ ദൂരെവരെ ഇന്ത്യ റോഡ് നിര്‍മ്മിച്ചതാണ് ചൈനയെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം.