Tuesday 18 September 2018



സി പി എം കേന്ദ്രകമ്മിറ്റി: യച്ചൂരിക്ക് തിരിച്ചടി, കാരാട്ട് പക്ഷത്തിന് ജയം

By praveen prasannan.21 Jan, 2018

imran-azhar

 

ന്യൂഡല്‍ഹി: ബി ജെ പി വീണ്ടും അധികാരത്തിലെത്തുന്നതിന് തടയിടാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രമേയം സി പി എം കേന്ദ്ര കമ്മിറ്റി തള്ളി. പ്രകാശ് കാരാട്ട് പക്ഷം അവതരിപ്പിച്ച കരട് രേഖയ്ക്ക് ഇതോടെ അംഗീകാരമായി.

കേന്ദ്ര കമ്മിറ്റിയില്‍ യച്ചൂരിയുടെ പ്രമേയത്തെ 31 പേര്‍ അനുകൂലിച്ചപ്പോള്‍പ്രകാശ് കാരാട്ടിന്‍റെ കരട് രേഖയ്ക്ക് 55 പേരുടെ പിന്‍തുണ ലഭിച്ചു. കേരള ഘടകം ശക്തമായി കാരാട്ടിനൊപ്പം നിന്നു. എന്നാല്‍ തോമസ് ഐസക് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. കോണ്‍ഗ്രസ് ബന്ധം ആകാമെന്ന നിലപാടാണ് അദ്ദേഹം നേരത്തേ മുതല്‍ സ്വീകരിച്ച് വന്നത്. വി എസ് അച്യുതാനന്ദന്‍ യച്ചൂരിക്കൊപ്പമാണെങ്കിലും പ്രത്യേക കഷണിതാവായതിനാല്‍ അദ്ദേഹത്തിന് വോട്ടില്ല. യച്കൂരിയെ പിന്‍തുണയ്ക്കുന്ന കത്ത് അദ്ദേഹം കേന്ദ്രകമ്മിറ്റിക്ക് കൈമാറിയിരുന്നു.

കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നെന്ന് സീതാറാം യച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചു. എന്നാല്‍ ഇത് ആരുടെയും ജയമോ പരാജയമോ അല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതികളോടെയാണ് പ്രമേയം അംഗീകരിച്ചിട്ടുള്ളത്.

ബി ജെ പിയെ മുഖ്യശത്രുവായി കാണണമെന്നുള്ള അജണ്ട അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് എങ്ങനെയെന്ന് സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനമെടുക്കേണ്ടത്. അതേസമയം അന്തിമ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഉണ്ടാവുകയെന്ന് യച്ചൂരി പറഞ്ഞു. ഇതോടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് ചൂടേറിയ ചര്‍ച്ച നടക്കുമെന്ന് ഉറപ്പായി.

കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലാത്തപ്പോഴും ബി ജെ പിയെ പരാജയപ്പെടുത്താന്‍ ധാരണയ്ക്കുളള സാധ്യതകള്‍ തുറന്നിടാമെന്നാണ് യച്ചൂരിയുടെ പക്ഷം. എന്നാല്‍ മുഖ്യലക്ഷ്യം ബി ജെ പിയെ പരാജയപ്പെടുത്തുകയാണെങ്കിലും കോണ്‍ഗ്രസുമായി ഒരു തരത്തിലുളള ധാരണയും പാടില്ലെന്നാണ് കാരാട്ടിന്‍റെ ബദല്‍ രേഖയില്‍ പറയുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒരു രാഷ്ട്രീയ പ്രമേയമേ പാടുള്ളൂ എന്ന തീരുമാനത്തെ തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടി വന്നത്. നേരത്തേ വോട്ടെടുപ്പ് ഒഴിവാക്കണമെന്ന് യച്ചൂരി ആവശ്യപ്പെട്ടിരുന്നെങ്കിലും കാരാട്ട് പക്ഷം വഴങ്ങിയില്ല.

രണ്ട് ദിവസമായി നടന്ന ചര്‍ച്ചയില്‍ 61 പേരാണ് സംസാരിച്ചത്. പശ്ചിമ ബംഗാള്‍, യു പി, ഗുജറാത്ത്, ചത്തീസ്ഗഡ്, കര്‍ണാടക, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ യച്ചൂരിക്കൊപ്പം നിന്നു. ഇതാണ് അദ്ദേഹത്തിന് ഊര്‍ജം പകരുന്നത്. ഹൈദ്രാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് ആകുന്പോഴേക്കും കൂടുതല്‍ സംസ്ഥാനങ്ങളെ കൂടെ നിര്‍ത്താനാകുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.


കേരള ഘടകം തന്‍റെ ഒപ്പം നില്‍ക്കാത്തതിലുള്ള നീരസം മറ്റൊരു രൂപത്തില്‍ യച്ചൂരി വാര്‍ത്താ സമ്മേളമത്തില്‍ പ്രകടിപ്പിച്ചു.സക്ഷരതയുടെ കാര്യത്തില്‍ ത്രിപുര കേരളത്തെ കടത്തിവെട്ടിയെന്നും രാജ്യത്ത് ഏറ്റവും മികച്ച ഭരണം ത്രിപുരയിലാണെന്നും അദ്ദേഹം പരാമര്‍ശം നടത്തിയതില്‍ നിന്ന് ഉള്ളിലിരുപ്പ് പരോക്ഷമായി വെളിവാക്കുകയായിരുന്നു.


പുതിയ സംഭവവികാസങ്ങളോടെ ഭൂരിപക്ഷം അംഗീകരിച്ച നിലപാടിനെതിരെ നില്‍ക്കുകയാണ് ജനറല്‍ സെക്രട്ടറിയെന്ന പ്രശ്നമുണ്ട്. എന്നാല്‍ രാജിവയ്ക്കില്ലെന്ന് യച്ചൂരി വ്യക്തമായ സൂചന നല്‍കി.


ഈ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് യച്ചൂരിയെ പുറത്താക്കാനുള്ള നീക്കങ്ങളുമായി പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ട് പക്ഷം സജീവമായേക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും കാരാട്ട് പക്ഷത്തിന്‍റെ എതിര്‍പ്പ് അതിജീവിച്ചാണ് യച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയത്.