Friday 29 May 2020




സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

By online desk.10 Apr, 2020

imran-azhar

തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ മൂന്നു പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത് അഞ്ച് പേര്‍ക്കാണ്. ഇതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍കോടും ഉള്ളവരാണ്.


ഇന്ന് സംസ്ഥാനത്ത്് 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍കോട,് കണ്ണൂര്‍, കോഴിക്കോട് , എറണാകുളം, തൃശൂര്‍ ജില്ലകളിലുള്ളവരുടെ ഫലമാണ് നെഗറ്റീവായത്.


സംസ്ഥാനത്ത്് ആദ്യ കോവിഡ് 19 കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേര്‍ രോഗമുക്തി നേടി. ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടുന്നു. 7 വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്.


കേരളത്തില്‍ ഇതുവരെ 364 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. രണ്ട് പേര്‍ മരണമടഞ്ഞു.


വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ഇന്ന് 126 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു്. ലഭ്യമായ 12,335 പരിശോധനാ ഫലം നെഗറ്റീവ് ആണ്.