Tuesday 19 March 2024




ശബരിമലയ്ക്കു പകരം സ്വകാര്യ ക്ഷേത്രങ്ങളെ വളര്‍ത്താന്‍ ശ്രമം: എ. പത്മകുമാര്‍

By Online Desk.29 Nov, 2018

imran-azhar

 

 

തിരുവനന്തപുരം: സ്വകാര്യ ക്ഷേത്രങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ ശബരിമലയെ തകര്‍ക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. ഇതിന്റെ ഭാഗമാണ് ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പണമിടാന്‍ പാടില്ലെന്ന പ്രചാരണം. കേരളത്തിലെ 1258 ക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും സാമ്പത്തിക ഭദ്രതയുള്ളതല്ല. എന്നാല്‍ ഇതൊന്നും ആര്‍ക്കും വേണ്ട. ശബരിമലയില്‍ സമ്പത്തിന്റെ രാഷ്ട്രീയം കളിക്കുകയാണ്. ആറായിരത്തിലധികം വരുന്ന ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും കഞ്ഞികുടി മുട്ടിച്ചേ പറ്റൂ എന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ് ചിലര്‍. അവരും ഹിന്ദുക്കളാണ്. പന്തളം കൊട്ടാരത്തിന്റെ പേരിലുള്ള അരവണ വില്‍പ്പനയും വിശ്വാസികളെ വഞ്ചിച്ച് പണം സമ്പാദിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. കൊട്ടാരം അധികൃതര്‍ അരവണ വില്‍ക്കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പമ്പയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പണം വേണ്ടെന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സി അറിയിച്ചതായി എ.പത്മകുമാര്‍ പറഞ്ഞു. 25 കോടി വേണ്ടെന്ന് അറിയിപ്പു ലഭിച്ചിട്ടുണ്ട്.

 

ശബരിമല ശാന്തമാകാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ്. എന്നാല്‍ അത് കഴിവുകേടായി കാണരുതെന്നും പദ്മകുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാം ശബരിമലയ്ക്ക് വേണ്ടിയാണ്. ശബരിമലയില്‍ ആത്മാര്‍ത്ഥമായി നാമം ജപിക്കാന്‍ ഒരു വിലക്കുമില്ല. എന്നാല്‍ പ്രശ്‌നക്കാര്‍ക്ക് മാത്രമാണ് വിലക്കെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയത്തിന് ശേഷം ശബരിമലയില്‍ പെട്ടെന്ന് തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായി. ശബരിമല വിഷയത്തില്‍ സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഭിന്നതയില്ല. ദേവസ്വം ബോര്‍ഡില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും അംഗങ്ങള്‍ ഉണ്ട്. ശങ്കരദാസിനും തനിക്കും തുല്യ ഉത്തരവാദിത്തമാണെന്നും ശബരിമല മല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയെന്ന സിപിഐ സ്റ്റേറ്റ് കൗണ്‍സിലിന്റെ ആരോപണത്തിന് മറുപടിയായി പദ്മകുമാര്‍ പറഞ്ഞു.

 

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെ പണമിടാതെ തകര്‍ക്കാമെന്ന് ആരുംകരുതണ്ട. പ്രളയകാലത്ത് ഈ പ്രചാരണം നടത്തുന്ന ഒരുത്തനും തിരിഞ്ഞ് നോക്കാനില്ലായിരുന്നു. സര്‍ക്കാരാണ് അടിയന്തിര സഹായങ്ങള്‍ ഒരുക്കിയത്. ശബരിമലയിലെ പ്രവൃത്തികള്‍ ടാറ്റ കമ്പനിയെ ഏല്‍പ്പിച്ചപ്പോള്‍ പലരും വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ 25 കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തി. അത് സൗജന്യമായിട്ടാണ് നടത്തുന്നതെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ജനുവരി മുതല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ട നടപടികള്‍ ആരംഭിക്കും. പോലീസിന്റെ നിയന്ത്രണംമൂലമുള്ള എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഒരു പരിധിവരെ ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്. മറ്റു നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.