Tuesday 19 March 2024




ശബരിമലയിലേക്ക് 2 യുവതികൾ എത്തി; കയറ്റിവിടണമോ എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തീരുമാനിക്കും

By Sooraj Surendran.19 Oct, 2018

imran-azhar

 

 

പമ്പ: ശബരിമലയിൽ അയ്യപ്പ ദർശനത്തിനായി 2 യുവതികൾ കൂടിയെത്തി. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇവരെ ഇലവുങ്കലിൽ പോലീസ് തടഞ്ഞിരിക്കുകയാണ്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്. ദർശനത്തിനായെത്തുന്ന സ്ത്രീകളെ സ്ത്രീകൾ ഉൾപ്പെടെയുള്ള സമരാനുകൂലികൾ തടയുകയും മർദിക്കുകയും ചെയ്യുന്ന കാഴ്ചയാണ്. നിലവിൽ ശബരിമല ദർശനത്തിനായെത്തിയ സ്ത്രീകളെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാകും കയറ്റിവിടണമോ വേണ്ടയോ എന്ന് തീരുമാനിക്കൂ.

 

അതേസമയം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി മുൻനിർത്തി കലാപത്തിനുള്ള നീക്കങ്ങൾ നടന്നുവെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 'റോമ സമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ചുരസിച്ച നിറോ ചക്രവര്‍ത്തിയെപ്പോലെയാണു' കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണമെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ശബരിമല വിഷയത്തിൽ സർക്കാരിനെ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

 

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപിയും കോൺഗ്രെസും വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കുറ്റപ്പെടുത്തി. അതേസമയം ശബരിമലയിൽ ദർശനത്തിനായെത്തിയ തെലുങ്കു മാധ്യമപ്രവർത്തക കവിതയും ആക്ടിവിസ്റ്റ്‍ രഹ്ന ഫാത്തിമ അന്തരീക്ഷം അക്രമാസക്തമായതിനെ തുടർന്ന് ഇരുമുടിക്കെട്ട് ഉപേക്ഷിച്ച് മലയിറങ്ങുകയായിരുന്നു. കുട്ടികളെ വരെ മുൻനിർത്തിയാണ് ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചത്. സ്ത്രീ പ്രവേശന വിഷയത്തിൽ വ്യാപക അക്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.