Tuesday 21 January 2020




രഹ്ന ഫാത്തിമയ്ക്കും ബിന്ദു അമ്മിണിക്കും സുരക്ഷയില്ല

By online desk .14 Dec, 2019

imran-azhar

 

 

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഇപ്പോള്‍ ഒരിടപെടലും നടത്തില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിന് പോകാന്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രഹ്‌ന ഫാത്തിമയും ബിന്ദു അമ്മിണിയും നല്‍കിയ ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഉത്തരവ്. വളരെ വൈകാരികമായ ഒരു അന്തരീക്ഷമാണ് ശബരിമലയില്‍ നിലനില്‍ക്കുന്നത്. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള ഒരു ഉത്തരവുണ്ട്. എന്നാല്‍ ആ വിഷയങ്ങള്‍ ഉയര്‍ന്ന ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. 1000 വര്‍ഷമായി നിലനില്‍ക്കുന്ന ആചാരം ആണ് അവിടെയുള്ളത്. രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ സ്ഫോടനാത്മകമാണ്. മറ്റൊരു കലാപം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഇന്ന് ഈ വിഷയത്തില്‍ ഉത്തരവ് ഇടില്ല.


അതുകൊണ്ട് ഒരു സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്കനുകൂലമായി ഇപ്പോള്‍ ഉത്തരവിറക്കുന്നില്ല. പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണിത്. ആത്യന്തികമായി നിങ്ങള്‍ക്കനുകൂലമാകുന്ന ഒരു സ്ഥിതിയാണ് ഉണ്ടാകുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഞങ്ങള്‍ സംരക്ഷണം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അക്രമത്തെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ ഇന്ദിരാ ജെയ്സിംഗ് പറഞ്ഞപ്പോള്‍ നിയമം നിങ്ങള്‍ക്കനുകൂലമാണെന്ന് ഞങ്ങള്‍ക്കറിയാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.ഞങ്ങള്‍ ഉടന്‍ തന്നെ ഏഴംഗ ബഞ്ച് ചേരുന്നുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കുമെങ്കില്‍ നടത്തിക്കോളൂ. പ്രാര്‍ത്ഥിച്ചോളൂ, ഞങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്നവുമില്ല. ഞങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇപ്പോള്‍ ഒരു ഉത്തരവും ഇറക്കാത്തതെന്നും സുപ്രീംകോടതി വ്യക്തമാക്കി.