Tuesday 19 March 2024




പൊന്‍ രാധാകൃഷ്ണന്റെ വാഹനത്തെ തടഞ്ഞ് പൊലീസ്: തടഞ്ഞിട്ടില്ലെന്ന് എസ്പി

By Online desk .22 Nov, 2018

imran-azhar

 

 

പമ്പ: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പോലീസ് തടഞ്ഞു. അയ്യപ്പ ദര്‍ശനത്തിനുശേഷം മടങ്ങുന്നതിനിടെ പമ്പയില്‍വച്ചാണ് കേന്ദ്രമന്ത്രിയുടെ വാഹനം പോലീസ് തടഞ്ഞത്. നാമജപ പ്രതിഷേധക്കാരുടെ വാഹനമാണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. പന്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ഇന്നു പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. സ്വകാര്യ വാഹനത്തിലായിരുന്നു പൊന്‍ രാധാകൃഷ്ണന്‍ യാത്ര ചെയ്തതിരുന്നത്. മന്ത്രിയുടെ വാഹനത്തിനൊപ്പം മറ്റ് രണ്ട് സ്വകാര്യ വാഹനങ്ങള്‍ കൂടി ഉണ്ടായിരുന്നു. വാഹനത്തില്‍ മന്ത്രിയാണെന്ന് തിരിച്ചറിഞ്ഞതോടെ എസ്പി എസ്. ഹരിശങ്കര്‍ സ്ഥലത്തെത്തി മന്ത്രിക്ക് രേഖമൂലം മാപ്പെഴുതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ മന്ത്രി മടങ്ങുകയും ചെയ്തു.

 

അതേസമയം കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു. വൈകിയെത്തിയ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ അവസാന കാറാണു തടഞ്ഞത്. വാഹനത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ആളുണ്ടെന്നു സംശയം തോന്നിയിരുന്നു. ഈ വാഹനത്തിലുള്ളവര്‍ പിന്നീടു മന്ത്രിയെ വിളിച്ചുവരുത്തി. എന്താണു സംഭവിച്ചതെന്നു മന്ത്രിയെ ബോധ്യപ്പെടുത്തി, എഴുതി നല്‍കി. കാറില്‍ സംശയിച്ചയാള്‍ ഇല്ലെന്നാണ് എഴുതി നല്‍കിയതെന്നും പൊലീസ് അറിയിച്ചു.

 

പൊലീസ് കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞെന്നു വാര്‍ത്ത പരന്നതിനാലാണു വിശദീകരണമെന്നും പൊലീസ് അറിയിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പൊലീസ് പമ്പയില്‍ തടഞ്ഞെന്നായിരുന്നു വിവരം. പ്രതിഷേധക്കാരുടെ വാഹനമെന്നു കരുതിയാണു നടപടിയെടുത്തത്. അബദ്ധം മനസ്സിലാക്കിയ പൊലീസ് മന്ത്രിയോടു പിന്നീടു മാപ്പ് എഴുതിനല്‍കിയെന്നും വിവരമുണ്ടായിരുന്നു. ശബരിമല തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞതു സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിക്കു തിരിച്ചടിയായി. പത്തനംതിട്ട ഡിപ്പോയില്‍ മാത്രം വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 30% കുറവാണ് ഉണ്ടായിരിക്കുന്നത്. ചെങ്ങന്നൂര്‍, പന്തളം ഡിപ്പോകളിലെ സ്ഥിതിയും സമാനമാണ്. പമ്പയിലേക്കുള്ള ട്രിപ്പുകളുടെ എണ്ണം അഞ്ചിലൊന്നായാണു ചുരുങ്ങിയത്. ഇതോടെ മറ്റു ജില്ലകളില്‍നിന്നു ഡ്യൂട്ടിക്കെത്തിയവര്‍ മടങ്ങാന്‍ അനുവാദം തേടി.