Wednesday 22 May 2019


കൂടുതൽ സ്ത്രീകളെത്താൻ സാധ്യത; ശബരിമല പോലീസ് വലയത്തിൽ

By Sooraj Surendran.20 Oct, 2018

imran-azhar

 

 

പമ്പ: ശബരിമലയിൽ നിലവിൽ സ്ഥിതിഗതികൾ ശാന്തമായിരിക്കെ സുപ്രീംകോടതി വിധിയെ തുടർന്ന് ശബരിമലയിൽ ദർശനത്തിനായി കൂടുതൽ സ്ത്രീകളെത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് ശബരിമല ഇപ്പോൾ കനത്ത പോലീസ് വലയത്തിലാണ്. അതേസമയം നിരവധി അയ്യപ്പഭക്തരാണ് പ്രതിഷേധവുമായി ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും നിലയുറപ്പിച്ചിരിക്കുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ശബരിമലയിൽ നടയടക്കും വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

അതേസമയം ശബരിമലയിൽ ആക്ടിവിസ്റ്റുകൾ പ്രവേശിക്കുന്നതിൽ തടസങ്ങളില്ലെന്നും കലാപം ലക്ഷ്യമാക്കി വരുന്നവരെ തടയുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയുടെ വരവ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ശബരിമലയിൽ നിലവിൽ നടക്കുന്നത് വിശ്വാസ സംരക്ഷണമല്ലെന്നും മറിച്ച് രാഷ്ട്രീയ നീക്കങ്ങളാണെന്നും കോടിയേരി പറഞ്ഞു.

 

വിവിധ ജില്ലകളിലെ ഇന്റലിജൻസ് വിഭാഗം നടത്തിയ രഹസ്യാന്വേഷണത്തെ തുടർന്നാണ് കൂടുതൽ സ്ത്രീകൾ ശബരിമലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നുവെന്ന രഹസ്യ വിവരം ലഭിച്ചത്. ജില്ലയിലെ മുതിർന്ന ഓഫീസർമാർക്ക് ഇന്റലിജൻസ് വിഭാഗം വിവരം കൈമാറുകയും ചെയ്തു.