Friday 14 December 2018


സ്ത്രീ പ്രവേശം നടപ്പാക്കാന്‍ കാണിക്കുന്ന താത്പര്യം സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ചില്ല: ചെന്നിത്തല

By Online Desk.16 Nov, 2018

imran-azhar

 

 

തിരുവനന്തപുരം: എഴുപത് ദിവസത്തേക്കുള്ള മണ്ഡലകാല ഉത്സവങ്ങള്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ പ്രവേശം നടപ്പാക്കാന്‍ കാണിക്കുന്ന താല്‍പര്യം ഭക്തര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമലയിലേക്കുള്ള റോഡുകള്‍ ശോചനീയാവസ്ഥയിലാണ്. നിലയ്ക്കലില്‍ ഭക്തര്‍ക്ക് വിരിവെക്കാനുള്ള സൗകര്യമില്ല. പമ്പാനദിയില്‍ സ്നാനത്തിനുള്ള സൗകര്യമോ പമ്പയില്‍ ആശുപത്രി സൗകര്യമോ ഇല്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

 

പോലീസിനെ വിന്യസിക്കുക മാത്രമാണ് സര്‍ക്കാര്‍ ശബരിമലയില്‍ ചെയ്യുന്ന ഏക കാര്യം. നിയന്ത്രണങ്ങള്‍ കാരണം ഭക്തര്‍ക്ക് ശബരിമലയില്‍ എത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നൊരുക്കങ്ങള്‍ നടത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ അലംഭാവം കാണിക്കുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും 24 മണിക്കൂറിനകം മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

 

ശബരിമലയില്‍ കൂടുതല്‍ പ്രായോഗികമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ബിജെപിയും ആര്‍എസ്എസും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണോ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗത്തിലെ സമവായ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്ന് ആചാരം ലഘിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാരിന്റേത് വീണ്‍വാക്കുകള്‍ മാത്രമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.