Tuesday 22 October 2019




ജനാധിപത്യം സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം; ശശി തരൂര്‍

By Sarath Surendran.26 Sep, 2018

imran-azhar

 

തിരുവനന്തപുരം: ജനാധിപത്യം സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിതെന്ന് ശശി തരൂര്‍ എംപി. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയും കേസരി മെമ്മോറിയല്‍ ജണലിസ്റ്റ് ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തല്‍ വാര്‍ഷികാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രാധിപന്‍ന്മാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ചില മാധ്യമങ്ങളിലെങ്കിലും നിലവിലുണ്ട്. മാധ്യമ ഉടമയും പത്രാധിപരും തമ്മിലുള്ള ബന്ധം എത്തരത്തിലായിരിക്കണമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം അബ്ദുള്‍ഖാദര്‍ മൗലവിയും തമ്മിലുണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തനം ധനസമ്പാദനത്തിനായിട്ടല്ല ജനങ്ങളുടെയും നാടിന്റെയും പൊതുനന്മ കണക്കാക്കിയാണ് അവര്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ രണ്ടു വലിയ മനുഷ്യരാണ് വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും. ഇരുവരും രാജ്യത്തിന്റെ ചരിത്രത്തില്‍ പ്രധാന പങ്കു വഹിച്ചവരാണെന്നും തരൂര്‍ പറഞ്ഞു.

 

എല്ലാവരും സൗകര്യപൂര്‍വം വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയെ മറന്നെന്ന് അദ്ദേഹത്തിന്റെ ചെറുമകന്‍ എ സുഹൈര്‍ അഭിപ്രായപ്പെട്ടു. സ്വദേശാഭിമാനി പത്രത്തിന്റെ ആശയവും കാഴ്പ്പാടും അദ്ദേഹത്തിന്റേതായിരുന്നു. സ്വദേശാഭിമാനിയും വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും തമ്മില്‍ ശക്തമായ ബന്ധമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വദേശാഭിമാനിയുടെ ചിത്രം എ. സുഹൈറും വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ ചിത്രം ശശി തരൂരും അനാച്ഛാദനം ചെയ്തു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, സി. ഗൗരിദാസന്‍ നായര്‍, സി അനൂപ്, സി. റഹീം, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, നൗഷാദ് പെരുമാതുറ, രഞ്ജിത് അമ്പാടി, സുരേഷ് വെള്ളിമംഗലം, തുടങ്ങിയവര്‍ സംസാരിച്ചു.