Thursday 22 August 2019




കേന്ദ്ര സര്‍ക്കാറിന്റെ പ്രതിമാ നിര്‍മ്മാണം ഫാസിസ്റ്റ് ശൈലി: ശശി തരൂര്‍

By Sooraj Surendran.31 Oct, 2018

imran-azhar

 

 

തിരുവനന്തപുരം: മഹാന്മാരുടെ  സ്മരണക്കായി വലിയ മന്ദിരങ്ങളും പ്രതിമകളും നിര്‍മ്മിക്കുന്നത് ഫാസിസ്റ്റ് ശൈലിയാണെന്ന് ശശി തരൂര്‍ എം.പി. ഇന്ദിരാഗാന്ധിയുടെ ചരമദിനത്തില്‍ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. സ്വാതന്ത്ര്യ സമരകാലത്ത് ആര്‍.എസ്.എസ് നേതാക്കള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു. ആ കുറവ് പരിഹരിക്കാനാണ് അവര്‍ പട്ടേലിനെ ഉയര്‍ത്തികാട്ടുന്നത്. ഇന്ന് അവര്‍ ചില കോണ്‍ഗ്രസ് നേതാക്കളെ പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കൃഷിക്കാര്‍ക്കൊപ്പം നിന്ന ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തില്‍ സ്ഥാപിച്ചതിന്റെ ഉദ്ദേശമിതാണെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയുടെ അഭിമാനം ലോകത്തിന്റെ നെറുകയിലെത്തിക്കണമെങ്കില്‍ പട്ടേലിന്റെ പ്രതിമക്ക് പകരം ഗാന്ധിജിയുടെ പ്രതിമയല്ലേ സ്ഥാപിക്കേണ്ടതെന്നും ശശി തരൂര്‍ ചോദിച്ചു. സാധാരണക്കാരില്‍ ജനാധിപത്യം എത്തിച്ചത് ഇന്ദിരാഗാന്ധിയാണ്. ഗരീബി ഗഡാവോ എന്ന മുദ്രാവാക്യവുമായി സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. ബംഗ്ലാദേശ് രൂപീകരണവുമായി ബന്ധപ്പെട്ട് ലോക ഭൂപടത്തെ തന്നെ മാറ്റി മറിച്ച പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്നും തരൂര്‍ പറഞ്ഞു.

 

അനുസ്മരണ ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ, പാലോട് രവി, എന്‍.ശക്തന്‍, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, വര്‍ക്കല കഹാര്‍, ആര്‍.വല്‍സലന്‍, മണ്‍വിള രാധാകൃഷ്ണന്‍, കെ വിദ്യാധരന്‍, എ.റ്റി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.