Tuesday 22 October 2019




പോസ്റ്ററിന്റെ പേരില്‍ ശശി തരൂരും കുമ്മനവും തമ്മില്‍ പോര്

By online desk.21 Mar, 2019

imran-azhar

 

 

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരും ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും തമ്മില്‍ പോസ്റ്ററിന്റെ പേരില്‍ പോര്. 'വൈ ഐയാം എ ഹിന്ദു' എന്ന തരൂരിന്റെ പുസ്തകത്തിന്റെ കവര്‍ പോസ്റ്ററില്‍ വച്ചതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ശശി തരൂര്‍ ഉന്നയിക്കുന്നത്. തന്റെ സ്വകാര്യസ്വത്തായ പുസ്തകത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ബിജെപിക്ക് എന്താണ് അവകാശമെന്നാണ് തരൂര്‍ ചോദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപരാതി നല്‍കി. ശബരിമലയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കുമ്മനം രാജശേഖരന്റെ പോസ്റ്ററില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം വച്ചതിനെതിരെയും തരൂര്‍ രംഗത്തെത്തി. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടം വച്ച് കുമ്മനത്തിന്റെ പോസ്റ്ററടിക്കാന്‍ എന്ത് അധികാരമെന്നും തരൂര്‍ ചോദിച്ചു. ഈ കാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

ശബരിമലയ്ക്ക് വേണ്ടിയും വിശ്വാസികള്‍ക്കും വേണ്ടി ബിജെപി ഒന്നും ചെയ്തിട്ടില്ല. റിവ്യൂ പെറ്റീഷന്‍ നല്‍കാനോ, ഒരു നിയമം കൊണ്ടു വരാനോ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടുമില്ലെന്ന് തരൂര്‍ പറയുന്നു. 30 വര്‍ഷം മുമ്പ് എഴുതിയ ഒരു പുസ്തകത്തിന്റെ ചില വരികളെടുത്ത് നായര്‍ സ്ത്രീകളെ അപമാനിച്ചുവെന്ന് പ്രചരിപ്പിക്കുകയാണ് ബിജെപി. വാസ്തവുമായി ബന്ധമില്ലാത്ത കാര്യം പ്രചരിപ്പിക്കാന്‍ ബിജെപിക്ക് നാണമില്ലേയെന്നും തരൂര്‍ ചോദിക്കുന്നു.

 

'വൈ ഐയാം എ ഹിന്ദു' എന്ന പുസ്തകം സ്വകാര്യ സ്വത്താണ്. ഞാനൊരു എഴുത്തുകാരനാണെന്ന കാര്യം പ്രചരിപ്പിക്കാന്‍ വേണ്ടി തിരുവന്തപുരം ഡിസിസി ഇറക്കിയ പോസ്റ്ററാണത്. അതിന്റെ പേരിലാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്. ആ പുസ്തകം പൊതുസ്വത്തല്ല, കഴിഞ്ഞ വര്‍ഷം ജനുവരിയിലിറക്കിയ പുസ്തകമാണെന്നും തരൂര്‍ പറഞ്ഞു.

 

എന്നാല്‍ ഇതിന് മറുപടിയുമായി കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടം വച്ച് പോസ്റ്ററടിച്ചത് താനല്ല, വോട്ട് ചോദിച്ചല്ല അത്തരം ഒരു പോസ്റ്റര്‍ ഇറക്കിയത്. അത് തനിക്ക് സ്വാഗതം അര്‍പ്പിച്ചുകൊണ്ട് ഇറക്കിയ പോസ്റ്ററാണ്. അതില്‍ ബിജെപി മറുപടി പറയേണ്ടതില്ലെന്നും കുമ്മനം പറയുന്നു. 'വൈ ഐയാം എ ഹിന്ദു' എന്ന പുസ്തകത്തിന്റെ കവര്‍ വച്ച് തരൂര്‍ പോസ്റ്റര്‍ ഇറക്കിയതാണ് യഥാര്‍ഥ വര്‍ഗീയത എന്നാണ് കുമ്മനത്തിന്റെ മറുപടി.

 

ശശി തരൂരിന്റെ 'വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തേ പറഞ്ഞിരുന്നു. പരിശോധിച്ച് നടപടി എടുക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടി എടുക്കുമെന്നാണ് ടിക്കാറാം മീണ പറഞ്ഞത്. ശബരിമല മതപരമായ വിഷയമാണ്. ദൈവത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ട് നേടാന്‍ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. അതിനാല്‍ അയ്യപ്പന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് നേടാന്‍ ശ്രമിക്കരുതെന്നും ടിക്കാറാം മീണ നേരത്തെ പറഞ്ഞിരുന്നു.