Monday 16 December 2019




ഷീലാ ദീക്ഷിതിന്റെ സംസ്ക്കാരം നിഗംബോധ്ഘട്ടിലെ സിഎൻജി ശ്‌മശാനത്തിൽ

By Chithra.21 Jul, 2019

imran-azhar

 

ന്യൂ ഡൽഹി : ആഗ്രഹം പോലെ മരണശേഷം മൃതദേഹം സിഎൻജി ശ്‌മശാനത്തിൽ സംസ്കരിക്കാൻ തയ്യാറായി ഷീലാ ദീക്ഷിതിന്റെ കുടുംബം.

 

2012ലാണ് യമുനാതീരത്ത് നിഗംബോധ് ഘട്ട് ശ്‌മശാനത്തിൽ സിഎൻജി മെഷീൻ സ്ഥാപിക്കപ്പെട്ടത്. ഡൽഹിയിൽ മലിനീകരണം കുറയ്ക്കാനായി സിഎൻജി വാതകം വാഹനങ്ങളിൽ ഉപയോഗിക്കാനുള്ള നടപടികൾ ആരംഭിച്ചത് ഷീലാ ദീക്ഷിത് മുഖ്യമന്ത്രി ആയിരിക്കെയാണ്. വാഹനങ്ങളിലും മറ്റും പ്രകൃതിവാതകം ഉപയോഗിക്കുന്നതിനോടൊപ്പം മൃതദേഹം ദഹിപ്പിക്കാനും സിഎൻജി ഉപയോഗിക്കാൻ അവർ ഉപദേശിച്ചു.

 

ആചാരങ്ങൾക്ക് വിരുദ്ധമായിട്ടാണ് ഇതെന്ന് ചൂണ്ടിക്കാട്ടി പഴയ രീതിയിൽ നിന്ന് മാറാൻ ഭൂരിഭാഗം പേരും തയാറായില്ല. താൻ മരിക്കുമ്പോൾ സിഎൻജി ശ്‌മശാനത്തിൽ സംസ്കരിക്കണം എന്നാണ് ഷീലാ ദീക്ഷിത് ആഗ്രഹിച്ചിരുന്നത്.

 

ആ ആഗ്രഹപ്രകാരമാണ് ഇപ്പോൾ ഷീലാ ദീക്ഷിതിന്റെ മൃതദേഹം നിഗംബോധിലുള്ള സിഎൻജി ശ്‌മശാനത്തിൽ ദഹിപ്പിക്കുന്നതെന്ന് മകൻ സന്ദീപ് ദീക്ഷിത് പറഞ്ഞു.

 

ഉച്ചയ്ക്ക് 12 മണിക്ക് എ ഐ സി സി ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ചതിന് ശേഷം രണ്ടരയോടെ നിഗംബോധ്ഘട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.