Wednesday 24 January 2018

സമരം റിപ്പോര്‍ട്ട് ചെയ്താല്‍ കേസെടുക്കുമെന്ന് എസ് ഐയുടെ ഭീഷണി

By online desk.12 Jan, 2018

imran-azhar

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം റിപ്പോര്‍ട്ട് ചെയ്താല്‍ കേസെടുക്കുമെന്ന് മെഡിക്കല്‍ കോളേജ് എസ് ഐയുടെ ഭീഷണി. സമര ദൃശ്യങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോയും എസ് ഐ ഹബീബുളള സ്വന്തം മൊബൈല്‍ ഫോണില്‍ എടുത്തു.


യൂത്ത് കോണ്‍ഗ്രസുകാര്‍ മെഡിക്കല്‍ കോളേജിലേക്ക് തള്ളിക്കയറാന്‍ നടത്തിയ ശ്രമം അക്രമാസക്തമാവുകയും ചെയ്തു. ഇത് ചിത്രീകരിക്കാന്‍ സൂപ്രണ്ട് അനുവാദം നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചാണ് എസ് ഐ ആക്രോശിച്ചത്.

ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നേരത്തേ ആരോപണവിധേയനാണ് ഹബീബുള്ള . അന്ന് വിദ്യാര്‍ത്ഥിയുടെ കുടുംബം സമരം നടത്തിയതിനെ തുടര്‍ന്ന് എസ് ഐയെകുറിച്ച് അന്വേഷണം നടത്താമെന്ന സിറ്റി പോലീസ് കമ്മീഷണറുടെ ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

തന്‍റെ വീടിന് സമീപമുള്ള വനിതാ ഹോസ്റ്റലിന് മുന്നില്‍ എസ് ഐയെ സംശയകരമായി കണ്ടതിനെ കുറിച്ച് ചോദിച്ച വിദ്യാര്‍ത്ഥിയെ എസ് ഐ കയ്യേറ്റം ചെയ്യുകയായിരുനു. മഫ്റ്റിയിലായിരുന്ന എസ് ഐ കാമുകിയെ കാണാനെത്തിയതായിരുന്നു എന്നാണ് പിന്നീട് വാര്‍ത്ത വന്നത്.