Thursday 25 April 2019


ശിവഗിരിയില്‍ വിളക്ക് കൊളുത്തിയത് ഹൈന്ദവ ആചാരപ്രകാരമെന്ന് കണ്ണന്താനം

By anju.11 Feb, 2019

imran-azhar

തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് നിര്‍മാണത്തിന്റെ ഉദ്ഘാടന ചടങ്ങിന് നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചതിന് വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. നിലവിളക്കിന്റെ എല്ലാ തിരികളും താന്‍ ഒറ്റയ്ക്ക് കത്തിച്ചത് ഹൈന്ദവ ശാസ്ത്രപ്രകാരമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രനും എ.സമ്പത്ത് എംപിയും ഉള്‍പ്പെടെയുള്ള അതിഥികള്‍ വേദിയിലിരുന്നിട്ടും ആര്‍ക്കും അവസരം നല്‍കാതെ തിരികളെല്ലാം കണ്ണന്താനം തന്നെ ഒറ്റയ്ക്ക് കൊളുത്തിയെന്ന വാര്‍ത്തകള്‍ക്കാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാനായി നിലവിളക്കു കൊളുത്തുമ്പോള്‍ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങള്‍ പറയുന്നത്. ക്ഷേത്ര വിജ്ഞാന കോശത്തിലും ഇതിനെ കുറിച്ച് ദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്.

 

ഞാന്‍ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നല്‍കുമ്പോള്‍ അദ്ദേഹം അത് വാങ്ങാന്‍ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന് ഒരാള്‍ മാത്രം വിളക്ക് കത്തിച്ചാല്‍ മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തു.

 

സ്വാമിജിയുടെ വാക്കുകള്‍ അവിടെ സന്നിഹിതനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുകൂലിക്കുകയും ചെയ്തു. കൂടാതെ നിലവിളക്കില്‍ ആദ്യം തെളിയിക്കേണ്ടത് വടക്കു കിഴക്ക് ദിക്കിലെ തിരിയായിരിക്കണമെന്നും ശാസ്ത്രം പറയുന്നു. വടക്കു കിഴക്കില്‍ നിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങള്‍ പറയുന്നത്. അത് പ്രകാരമാണ് ഞാന്‍ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചതെന്നും കണ്ണന്താനം വ്യക്തമാക്കി.