Friday 24 September 2021




മൂന്നര വയസുകാരൻ ബസിനുള്ളിൽ ഉറങ്ങിപ്പോയി, കുഞ്ഞിനെ എടുക്കാൻ മറന്നു; മണിക്കൂറുകളോളം വാഹനത്തിനുള്ളില്‍, ഒടുവിൽ സംഭവിച്ചത്?

By Sooraj Surendran.14 Jul, 2021

imran-azhar

 

 

അജ്‌മാൻ: യുഎഇയിലെ അജ്മാനില്‍ മിനി ബസിനുള്ളിൽ മൂന്നര വയസുകാരൻ ഉറങ്ങിപ്പോയി. ബസിനുള്ളില്‍ ഉറങ്ങിപ്പോയ കുട്ടിയെ ബസിലെ സൂപ്പര്‍വൈസറും ശ്രദ്ധിച്ചില്ല. ശ്വാസം കിട്ടാതെ മൂന്ന് മണിക്കൂറോളം ബസിനുള്ളിൽ, ഒടുവിൽ ദാരുണാന്ത്യം. ജൂലായ് 12നാണ് സംഭവം.

 

സൂപ്പര്‍വൈസറുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ ജീവനെടുത്തത്. ടാലന്റ് ഡെവലപ്‌മെന്റ് കേന്ദ്രത്തിന്റെ ബസിലാണ് സംഭവം. ഉച്ച ഭക്ഷണ സമയത്ത് കുഞ്ഞിനെ കാണാതായതോടെയാണ് തിരച്ചിൽ നടത്തിയത്.

 

ഒടുവിൽ ബസിനുള്ളിൽ അവശനിലയിലായ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആമിന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചതെന്ന് അജ്മാന്‍ പൊലീസ് ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി പറഞ്ഞു.

 

മാത്രമല്ല ടാലന്റ് ഡെവലപ്‌മെന്റ് കേന്ദ്രത്തിന്റെ ലൈസൻസ് കാലാവധി ഒരു വർഷം മുൻപ് കഴിഞ്ഞതാണെന്നും പോലീസ് പറയുന്നു.