Friday 05 March 2021




ലാവലിന്‍ കേസ് ഇന്ന് പരിഗണിക്കും; സുപ്രീം കോടതിയില്‍ അപ്പീല്‍ എത്തിയത് 2017 ല്‍; പരിഗണിച്ചത് 26 തവണ

By Rajesh Kumar.22 Feb, 2021

imran-azhar

 

ന്യൂഡല്‍ഹി: എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും. 2017-ലാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. തുടര്‍ന്ന് 26 തവണയാണ് കേസ് പരിഗണിച്ചത്.

 

ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിരാ ബാനര്‍ജി, കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ചൊവ്വാഴ്ച ഹര്‍ജികള്‍ പരിഗണിക്കുന്നത്.

 

ജനുവരി 12-ന് കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐ.ക്കു വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയ്ക്ക് എത്താന്‍ സാധിക്കാത്തതിനാലാണ് കേസ് മാറ്റിവെച്ചത്.

 

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നല്‍കിയ അപ്പീലാണ് സുപ്രീംകോടതി കേള്‍ക്കുന്നത്.

 

വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവരുടെ അപ്പീലുമുണ്ട്. കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും പിന്നീട് കേസില്‍ കക്ഷിചേര്‍ന്നു.


പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.