Tuesday 19 March 2024




ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന് ഭരണാധികാരം

By Web Desk .13 Jul, 2020

imran-azhar

 

 

ന്യൂ ഡൽഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിൽ രാജകുടുംബത്തിന് അധികാരം. രാജകുടുംബത്തിന്റെ അപ്പീൽ സുപ്രീംകോടതി ശരിവെച്ചു. ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങൾക്കും രാജകുടുംബത്തിനാണ് അവകാശം. ഒരു രാജാവിന്റെ മരണത്തോടെ അധികാരം ഇല്ലാതാകില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം നിലവിൽ ജില്ലാ ജഡ്ജി അധ്യക്ഷനായ താത്കാലിക സമിതിക്കാണ് ഭരണച്ചുമതല. ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിൻ്റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വിശദീകരിക്കുന്നത്. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് ഭരണ സമിതിക്ക് തീരുമാനമെടുക്കാം. രാജകുടുംബത്തിന്റെ ആവശ്യം അനിഷേധ്യമെന്നും, ഒരു രാജാവിന്റെ മരണത്തോടെ അവകാശം ഇല്ലാതാകുന്നില്ലെന്നും കോടതി വിലയിരുത്തി.

 

പത്മനാഭ സമി ക്ഷേത്രത്തിന്റെ അവകാശത്തിൽ സംസ്ഥാന സർക്കാരും, രാജകുടുംബവും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കത്തിനാണ് ഇതോടെ പരിഹാരമുണ്ടായിരിക്കുന്നത്. 2011ൽ കേരള ഹൈക്കോടതി ക്ഷേത്രം അനന്തരാവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ രാജകുടുംബം സുപ്രീംകോടതിയിൽ നൽകിയ അപ്പീലിലാണ് ഉത്തരവ്. 2011 മേയ് 2ന് ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തു. ക്ഷേത്ര നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ആചാരത്തിൻ്റെ ഭാഗമാണെന്നും ആ ആചാരം തുടരുമെന്നും കോടതി വ്യക്തമാക്കി. സ്റ്റിസ് ആര്‍.എം.ലോധ, ജസ്റ്റിസ് എ.കെ.പട്നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് പദ്മനാഭസ്വാമി ക്ഷേത്ര കേസ് ആദ്യം പരിഗണിച്ചത്. വിചാരണയ്ക്കിടെ ഇരുവരും വിരമിച്ചതോടെ ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്.