Saturday 20 July 2019




മെന്റല്‍ അര്‍ജുനെ കുടുക്കിയത് കോടതിയില്‍ കീഴടങ്ങാനുള്ള ശ്രമത്തിനിടെ

By online desk.18 Mar, 2019

imran-azhar

 

 

തിരുവനന്തപുരം: മെന്റല്‍ അര്‍ജുനെ കുടുക്കിയത് കോടതിയില്‍ കീഴടങ്ങാന്‍ വരവെ. ശ്രീവരാഹം കൊലക്കേസില്‍ മുഖ്യ പ്രതിയാണ് മെന്റല്‍ അര്‍ജുന്‍. ശ്രീവരാഹം സ്വദേശിയായ ഇയാള്‍ കൃത്യം നടത്തിയ അന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയിരുന്നു. സംസ്ഥാനം വിടാനുള്ള ലക്ഷ്യത്തോടെയാണ് ഇയാള്‍ അവിടെയെത്തിയത്. ഇയാള്‍ കേരളം വിടുമെന്ന വിവരം ലഭിച്ചതറിഞ്ഞ് ഫോര്‍ട്ട് സിഐയും സംഘവും അവിടെയെത്തി പരിശോധന നടത്തി. ഈ സമയം ഇതരസംസ്ഥാന തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് പോകാനായി ട്രെയിന്‍ കാത്ത് പ്ലാറ്റ്‌ഫോമില്‍ ഇരിക്കുകയായിരുന്നു. പൊലീസ് തന്റെ പിന്നാലെ എത്തിയെന്നറിഞ്ഞ അര്‍ജുന്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കയറിയിരുന്നു. പൊലീസ് അവരെ പരിശോധിക്കുന്നതിനിടെ അര്‍ജുനെ തിരിച്ചറിഞ്ഞു. പൊലീസിനെ തട്ടിമാറി കുതറിയോടിയ ഇയാള്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റു ട്രെയിനുകളിലായി മറയുകയായിരുന്നു. പൊലീസും ഇയാള്‍ക്കു പിന്നാലെ പാഞ്ഞു. ഇതുകണ്ട അര്‍ജുന്‍ റെയില്‍വെ കോമ്പൗണ്ട് വിട്ട് പുറത്തേക്കോടി. ഏറെ തിരഞ്ഞെങ്കിലും അയാളെ കണ്ടെത്താനായില്ല.

 

പൊലീസ് പോയെന്നു കണ്ട അര്‍ജുന്‍ ലോറികള്‍ പാര്‍ക്ക് ചെയ്തിരുന്ന ഗ്രൗണ്ടിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പിറ്റേന്നു തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വീണ്ടുമെത്തിയ അര്‍ജുന്‍ ബംഗളൂരുവിലേക്ക് ട്രെയിന്‍ കയറി. ഈസമയം ഇയാളെ കീഴടക്കാനുള്ള തന്ത്രങ്ങള്‍ പൊലീസ് മെനഞ്ഞു. ഇയാളുടെ അമ്മയെയും സഹോദരങ്ങളെയും സ്‌റ്റേഷനില്‍ പിടിച്ചിരുന്നു. ഈ വിവരം പ്രതി അഭിഭാഷകന്‍ മുഖേന അറിഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കോടതിയില്‍ കീഴടങ്ങാന്‍ തമ്പാനൂരില്‍ എത്തിയതായിരുന്നു കഴിഞ്ഞ ദിവസം. ഈ വിവരം അറിഞ്ഞ ഫോര്‍ട്ട് സിഐ റെയില്‍വെ സ്‌റ്റേഷനിലെത്തി തന്ത്രപരമായി ഇയാളെ കുടുക്കുകയായിരുന്നു. പ്രതിക്കെതിരെ നേരത്തെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് പൊലീസിനു നേരെ ആക്രമണം നടത്തിയ കേസ് നിലവിലുണ്ടെന്ന് ഫോര്‍ട്ട് സിഐ അറിയിച്ചു.