Wednesday 03 June 2020
വ്യാപനത്തിലൂടെയാണ് പ്രതിരോധം: ഡോ.വല്യത്താന്‍

By വി .ഡി ശെൽവരാജ് .25 Mar, 2020

imran-azhar

 


തിരുവനന്തപുരം: ഇന്‍ഫ്‌ളുവന്‍സയുടെ രണ്ടാം വരവായിരുന്നു അത്. കേരളത്തില്‍ അമ്പരപ്പിക്കും വിധം കൂട്ട മരണമുണ്ടായി. അന്ന് (1957-ല്‍) ഞാന്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആദ്യ ബാച്ച് എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. പനിയും ചുമയുമായിരുന്നു ലക്ഷണം. ഇപ്പോള്‍ കോവിഡിനും അതേ ലക്ഷണമാണ്. അന്ന് മരുന്നില്ല, ഇന്നും. ഇന്‍ഫ്‌ളുവന്‍സ മെല്ലെ പടരുന്ന രോഗമായിരുന്നു.മരണനിരക്ക് കൂടുതലും. കോവിഡ് അതിവേഗം പടരുന്നു, മരണനിരക്ക് കുറവും. ഡോ.എം.എസ്. വല്യത്താന്‍ ഓര്‍മ്മിക്കുന്നു. അന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിക്കടുത്ത് കാന്‍സര്‍ രോഗികളുടെ ബഹുനില കെട്ടിടത്തിലായിരുന്നു ഇന്‍ഫ്‌ളുവന്‍സ ഐസൊലേഷന്‍ വാര്‍ഡ്.

 

 

മൂന്ന് നിലകളിലായി ജമുക്കാളം പുതപ്പിച്ച് നിലത്ത് കിടത്തിയിരുന്ന നാല്‍പ്പതോളം രോഗികളെ നോക്കാന്‍ രണ്ടോ മൂന്നോ നഴ്‌സുമാര്‍ മാത്രം. ഈ നൂറ്റാണ്ടിലെ മഹാമാരിയായി കോവിഡിനെ വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടുകള്‍ നോക്കിയാല്‍ മഹാമാരി (പാന്‍ഡെമിക്)വര്‍ഷങ്ങളുടെ ഇടവേളയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഒരു പ്രദേശത്തെ ജനങ്ങളില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം ഒരു രോഗം പടര്‍ന്ന് പിടിക്കുന്ന ഭീതിജനകമായ അവസ്ഥയാണ് പാന്‍ഡെമിക്. 1900-ത്തിന്റെ ആദ്യപകുതിയില്‍ ഇന്‍ഫ്‌ളുവന്‍സ ലോക മഹാമാരിയായി പതിനായിരങ്ങളെ കൊന്നൊടുക്കി. 1957ല്‍ കേരളത്തിലടക്കം അതാവര്‍ത്തിച്ച് കൂട്ടച്ചുടലക്കളങ്ങളുണ്ടാക്കി.

 

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചൈനയിലെ മഞ്ചൂറിയയില്‍ പ്ലേഗ് പടര്‍ന്ന് രണ്ടുലക്ഷത്തോളം പേര്‍ മരിച്ചു. ആ പ്ലേഗിന്റെ ബാക്ടീരിയ, 'ടെറബാസിം'
എന്ന മുയലിനെപ്പോലെയുള്ള വന്യജീവിയില്‍ നിന്ന് മനുഷ്യനിലേയ്ക്ക് പടര്‍ന്നതാണ്. പ്ലേഗിന്റെ വാഹകരാണെന്നറിയാതെ മഞ്ചൂറിയക്കാര്‍ ഈ ജീവിയെ പിടികൂടി കുപ്പായം തുന്നാന്‍ രോമം ശേഖരിച്ചിരുന്നു.കുപ്പായത്തിന് യൂറോപ്പില്‍ വലിയ വിപണി തുറന്നതോടെ ചൈനക്കാര്‍ ഭ്രാന്ത് പിടിച്ച് ഈ വന്യജീവിക്ക് പിന്നാലെ ഓടി. രോമത്തില്‍ നിന്നുണ്ടായ പൊടിപടലം ബാക്ടീരിയ പടര്‍ത്തി. ഇത് ശ്വസിച്ച തൊഴിലാളികള്‍ കൂട്ടത്തോടെ രോഗികളായി. അതു മഹാമാരിയായി തീര്‍ന്നു. കോവിഡിന്റെ കാര്യത്തിലും വന്യജീവികളാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

പുതിയ വൈറസിനും ബാക്ടീരിയയ്ക്കും മുന്നില്‍ മനുഷ്യശരീരം ആദ്യം പരിഭ്രമിച്ച് നില്‍ക്കും. അതാണ് മഹാമാരിയുടെ വൈദ്യശാസ്ത്ര ചരിത്രം പറയുന്നത്. ഇതാണ് ലോകത്തിപ്പോള്‍ കാണുന്ന പരിഭ്രമത്തിന് പിന്നിലും. മനുഷ്യ ശരീരത്തില്‍ വൈറസ് കടന്നാല്‍ മാത്രമേ അതിനെതിരായ പ്രതിരോധ പ്രവര്‍ത്തനം ശരീരം സ്വയം ആരംഭിക്കൂ. 70 ശതമാനം ജനങ്ങളിലേക്കും രോഗാണു എത്തിച്ചേരാനുള്ള സാഹചര്യമുണ്ടായാല്‍
മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധത്തിന്റെ കവചമാണ് കിട്ടുക. ഇത്തരത്തില്‍ രോഗത്തിന് എകസ്‌പോസായ സമൂഹത്തില്‍ പത്ത് ശതമാനം പോലും രോഗികളായിരിക്കില്ല. ഇത്തരമൊരു അവസ്ഥയെ 'ജനക്കൂട്ടത്തിന്റെ പ്രതിരോധം' എന്ന് വിളിക്കുന്നു.

 

മുഴുവന്‍ ജനങ്ങളിലേക്കും വൈറസ് വ്യാപിക്കുന്നതോടെ മാത്രമേ പ്രതിരോധം സാധ്യമാകൂ. പക്ഷേ അത് മെല്ലെ മാത്രമേ സംഭവിക്കാവൂ. അതുകൊണ്ടാണ് മഹാമാരിയുടെ വേഗത കുറയ്ക്കാന്‍ ബ്രേക്ക് ദ ചെയിന്‍ എന്ന കൈകഴുകല്‍. വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. പുറത്ത് പോയി വരുന്നവര്‍ ഉടന്‍ വസ്ത്രം വൃത്തിയാക്കാനും കുളിക്കാനും മറക്കരുത്. കോവിഡ് വൈറസിനെതിരായ വാക്‌സിന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ക്‌ളിനിക്കല്‍ ട്രയല്‍ കഴിഞ്ഞ് രോഗികളിലെത്താന്‍ ഒരുവര്‍ഷത്തിലേറെ എടുക്കും. അതുവരെ കൈകഴുകി രോഗവ്യാപനത്തിന്റെ വേഗത കുറയ്ക്കാം.