Saturday 24 September 2022




കണ്ണൂരില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു

By Priya.23 Jul, 2022

imran-azhar

 

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിന്‍ തട്ടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. കക്കാട് ഭാരതിയ വിദ്യാഭവന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്. അലവില്‍ നിച്ചുവയല്‍ സ്വദേശിയാണ് നന്ദിത. ഇന്ന് രാവിലെ ഏഴരയോടെ ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റിലാണ് അപകടമുണ്ടായത്.സ്‌കൂളിലേക്ക് പോകാന്‍ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്.


അമ്മക്കൊപ്പമെത്തിയ വിദ്യാര്‍ത്ഥിനി കാറില്‍ നിന്നും ഇറങ്ങി റെയില്‍വേ ഗേറ്റിന് മറുവശത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിലേക്ക് കയറാനായി ഓടിപ്പോകുമ്പോഴാണ് ട്രെയില്‍ തട്ടിയത്. വൈകിയോടുന്ന പരശുറാം എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ചിട്ടത്. അമ്മയാണ് സാധാരണയായി കുട്ടിയെ ബസ് കയറ്റി വിടുന്നതിന് വേണ്ടി കാറില്‍ എത്തിക്കാറുള്ളത്.വൈകിയോടുന്ന പരശുറാം എക്‌സ്പ്രസ് പോകാന്‍ ഇന്ന് റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു.


ഈ സമയത്ത് സ്‌കൂള്‍ ബസ് റെയില്‍ വേ ഗേറ്റിന് മറുവശത്ത് വന്നു. ഇതോടെ കാറില്‍ നിന്നിറങ്ങിയ കുട്ടി വേഗത്തില്‍ റോഡ് മുറിച്ച് കടക്കുകയായിരുന്നു. തലയുടെ ഭാഗത്താണ് ട്രെയില്‍ ഇടിച്ചത്.സമയം വൈകിയാല്‍ സ്‌കൂള്‍ ബസ് കുട്ടികളെ കയറ്റാതെ പോകുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.അതുകൊണ്ടാകാം
വിദ്യാര്‍ത്ഥിനി ഓടി പാളം മുറിച്ച് കടക്കാന്‍ ശ്രമിച്ചതെന്നും ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.