Friday 10 July 2020




ക്രിമിനൽ കേസുകളിൽ പെട്ട സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്‌സൈറ്റിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണം സുപ്രീം കോടതി

By online desk .13 Feb, 2020

imran-azhar

 


ഡൽഹി: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ടെങ്കിൽ അതുസംബന്ധിച്ച വിവരം രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എഫ്.നരിമാൻ അധ്യക്ഷനായ ബഞ്ചിന്റേതാണ് നിർദേശം.

 

സ്ഥാനാര്‍ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, എന്തു കൊണ്ടാണ്‌ അവരെ മത്സരിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ്‌ പൊതുജനങ്ങള്‍ക്ക് മുമ്പാകെ പ്രസിദ്ധീകരിക്കേണ്ടത്. രാഷ്ട്രീയപാര്‍ട്ടികളുടെ വെബ്‌സൈറ്റിലും പ്രാദേശിക പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇത്തരം വിശദീകരണങ്ങള്‍ നിര്‍ബന്ധമായും നല്‍കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണം.

 


രാഷ്ട്രീയ പാർട്ടികൾ വിവരങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കുകയോ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാതിരിക്കുകയോ ചെയ്താൽ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.