By Avani Chandra.05 May, 2022
രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത പൊതുതാല്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 124 എ വകുപ്പിനെതിരെ മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി, റിട്ടയേര്‍ഡ് കരസേന മേജര്‍ ജനറല്‍ എസ്.ജി. വൊമ്പാട്ട്കേരെ, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ തുടങ്ങിയവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. കൊളോണിയല്‍ നിയമം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
ഹര്‍ജികളില്‍ മറുപടി സമര്‍പ്പിക്കാന്‍ ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അവസാന അവസരമാണ് നല്‍കുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞതവണ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തില്‍ കോടതി നിലപാട് നിര്‍ണായകമാകും.