Sunday 22 September 2019




ബിജെപിയുടെ വിജയമാഘോഷിക്കാന്‍ സ്‌പെഷ്യല്‍ കുല്‍ഫി; പേര് 'നരേന്ദ്രമോദി സീതാഫല്‍ കുല്‍ഫി'

By anju.28 May, 2019

imran-azhar

സൂറത്ത്: ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരം കയ്യാളിയ ബിജെപിയുടെ ജയം ആഘോഷിക്കാന്‍ മോദിയുടെ പേരില്‍ സ്‌പെഷ്യല്‍ കുല്‍ഫി ഇറക്കിയിരിക്കുകയാണ് സൂറത്തിലെ ഒരു ഐസ്‌ക്രീം പാര്‍ലര്‍. ഐസ്‌ക്രീം പാര്‍ലര്‍ കടയുടമയായ വിവേക് അജ്‌മേറയാണ് മോദിയുടേയും ബിജെപിയുടേയും വിജയം പ്രമാണിച്ച് വേറിട്ടൊരു കുല്‍ഫി പുറത്തിറക്കിയതിന് പിന്നില്‍ മോദി സീതാഫല്‍ കുല്‍ഫി എന്നാണ് വ്യത്യസ്തമായ ഈ കുല്‍ഫിയുടെ പേര്.

 

നരേന്ദ്രമോദിയുടെ മുഖമാണ് കുല്‍ഫിയ്ക്ക് നല്‍കിയിരിക്കുന്നത്. ഐസ്‌ക്രീം പാര്‍ലറിലെ ജീവനക്കാര്‍ ഒരു ദിവസം മുഴുവന്‍ കഷ്ടപ്പെട്ടാണ് ഇരുന്നൂറോളം കുല്‍ഫികള്‍ ഉണ്ടാക്കിയെടുത്തതെന്ന് വിവേക് പറയുന്നു. മെഷീന് പകരം കൈകള്‍ കൊണ്ടാണ് കുല്‍ഫിയില്‍ മോദിയുടെ മുഖം സൃഷ്ടിച്ചെടുത്തത്. അതിനാലാണ് ഇത്രയേറെ സമയം ഇതിന് വേണ്ടി വന്നതെന്നും വിവേക് പറയുന്നു.

 

എന്തായാലും ഈ സമയത്ത് മോദി ഐസ്‌ക്രീം നന്നായി ചെലവാകുന്നുണ്ടെന്ന് വിവേക് പറഞ്ഞു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ ഐസ്‌ക്രീം ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല നരേന്ദ്രമോദിയുടെ വിജയം ആഘോഷിക്കാന്‍ മോദി ഐസ്‌ക്രീമിന് 50 ശതമാനം ഡിസ്‌കൌണ്ട് നല്‍കിയിട്ടുണ്ടെന്നും വിവേക് പറഞ്ഞു.

 

മോദിയുടെ സത്യപ്രതിജ്ഞ നടക്കുന്ന മെയ് 30 വരെ മാത്രമാണ് മോദി സീതാഫാല്‍ കുല്‍ഫി എന്ന് പേരിട്ടിരിക്കുന്ന ഈ കുല്‍ഫി കഴിക്കാന്‍ സാധിക്കൂ. അന്‍പത് ശതമാനം വിലക്കുറവില്‍ വില്‍പനയ്ക്ക് എത്തിച്ച മോദി സീതാഫല്‍ കുല്‍ഫിക്ക് നല്ല പ്രതികരണമാണ് സൂറത്തില്‍ ലഭിക്കുന്നതെന്നും വിവേക് പറഞ്ഞു. നൂറ് ശതമാനം പ്രകൃതിദത്തമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് കുല്‍ഫിയുടെ നിര്‍മ്മാണമെന്നും, ഈ ഐസ്‌ക്രീമില്‍ ഒരു എസന്‍സും ഉപയോഗിച്ചിട്ടില്ലെന്നും വിവേക് പറയുന്നു.