By എസ്. എല്‍. ശ്യാം.04 Feb, 2021
തിരുവനന്തപുരം: സുരേഷ്ഗോപിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനോട് ബി. ജെ. പിയില്‍ എതിര്‍പ്പ്. കുമ്മനം രാജശേഖരനും വി. വി രാജേഷും പി. കെ കൃഷ്ണദാസും തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി.സുരേഷ് ഗോപി തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്നായിരുന്നു അഭ്യൂഹം. ഇതു സംബന്ധിച്ച് ബി. ജെ. പി സംസ്ഥാന നേതൃത്വം അനൗദ്യോഗികമായി ചര്‍ച്ചയും നടത്തിയിരുന്നു.എന്നാല്‍ സുരേഷ് ഗോപിയോട് ബി. ജെ. പി സംസ്ഥാന നേതൃത്വം ഇക്കാര്യവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ആശയ വിനിമയം നടത്തിയിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള അഭിപ്രായ സമന്വയമില്ലായ്മയാണ് ഇതിനു കാരണം. പാര്‍ട്ടി പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സുരേഷ് ഗോപി ശ്രമിക്കാറില്ലെന്ന് ബി. ജെ. പി ജില്ലാ ഘടകത്തിലെ മാത്രമല്ല, സംസ്ഥാന നേതൃത്വത്തിലേയും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങുന്ന ആളല്ല സുരേഷ് ഗോപി എന്ന പ്രചരണം ശക്തമാണ്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും പ്രചാരണത്തിന് സുരേഷ്ഗോപിയെ നിശ്ചയിച്ചിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും സുരേഷ് ഗോപി എത്താത്തത് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കമമെന്ന ആവശ്യം കേന്ദ്ര നേതൃത്വം തന്നോട് ഉന്നയിക്കണമെന്ന നിര്‍ബന്ധം സുരേഷ്ഗോപിക്കുണ്ടെന്ന് അദ്ദേഹത്തോട് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനാപരമായി ഇത് നല്ല നിലപാടല്ലെന്നവര് വ്യക്തമാക്കി. ഇക്കാരണത്താല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാന്‍ സുരേഷ്ഗോപിക്കു മേല്‍ ഒരു പരിധി കഴിഞ്ഞ് സമ്മര്‍ദ്ദം ചെലുത്താന്‍ അവര്‍ തയാറുമല്ല.
കൃഷ്ണകുമാര്‍ തലസ്ഥാനത്ത്
അതേസമയം നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏകദേശം ഉറപ്പാക്കിക്കഴിഞ്ഞു. ഇവിടെ സിറ്റിംഗ് എം. എല്‍. എ ആയ ഒ. രാജഗോപാല്‍ മത്സരരംഗത്തു നിന്ന് പി•ാറാനാണ് സാദ്ധ്യത ഏറെ. നടന് കൃഷ്ണകുമാര്‍ തലസ്ഥാനത്ത് ബി. ജെ. പി സ്ഥാനാര്‍ത്ഥിയാകാനാണ് സാദ്ധ്യത. തിരുവനന്തപുരത്ത് പഠിച്ചു വളര്‍ന്ന കൃഷ്ണകുമാറിന് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ട്. കൃഷ്ണകുമാറിന്റെ മണ്ഡലം സംബന്ധിച്ച ചര്‍ച്ച പിന്നീടുണ്ടാകും. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ നേടാന്‍ കഴിഞ്ഞ മികച്ച വിജയമാണ് കുമ്മനം രാജശേഖരനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. നേമം മണ്ഡലത്തിന്റെ പരിധിയില്‍ 21 കോര്പറേഷന് വാര്‍ഡുകളാണുള്ളത്.
ഇതില്‍ 15 എണ്ണത്തിലും വിജയിക്കാന്‍ ബി. ജെ. പിക്ക് കഴിഞ്ഞു. കാട്ടാക്കട വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി. വി രാജേഷാവും ബി. ജെ. പിക്കു വേണ്ടി രംഗത്തിറങ്ങുക. തിരുവനന്തപുരം കോര്പറേഷന് തിരഞ്ഞെടുപ്പില്‍ പൂജപ്പുര വാര്‍ഡില്‍ നിന്ന് വിജയിച്ച രാജേഷിന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയുമെന്ന് നേതൃത്വം കരുതുന്നു.പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പി. കെ. കൃഷ്ണദാസിനെ കാട്ടാക്കട മണ്ഡലത്തില്‍ നിറുത്താന്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞ തവണയും കാട്ടാക്കടയില്‍ കൃഷ്മദാസ് മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.