Monday 01 June 2020




സ്വദേശാഭിമാനി-കേസരി അവാര്‍ഡ് കലാകൗമുദി ചീഫ് എഡിറ്റര്‍ എം.എസ് മണിക്ക്

By online desk .06 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം കലാകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. മണിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഫോണില്‍ വിളിച്ചാണ് പുരസ്‌കാര ജേതാവായ എം.എസ്. മണിയെ വിവരം അറിയിച്ചത്. മാദ്ധ്യമരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ പുരസ്‌കാരമാണിത്. എം.എസ് മണി 1941 നവംബര്‍ 4ന് കൊല്ലം ജില്ലയില്‍ മയ്യനാട് ജനിച്ചു. മലയാള സാഹിത്യത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സി.വി.കുഞ്ഞിരാമനാണ് മുത്തച്ഛന്‍. പത്രാധിപര്‍ പത്മഭൂഷന്‍ കെ സുകുമാരനും മാധവി സുകുമാരനുമാണ് മാതാപിതാക്കള്‍. 

 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിഎസ്സി കെമിസ്ട്രി ബിരുദം നേടിയ അദ്ദേഹം പഠന കാലത്ത് സ്റ്റുഡന്റസ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. 1961ല്‍ കേരളകൗമുദിയുടെ സ്റ്റാഫ് റിപ്പോര്‍ട്ടറായി. 1962ല്‍ പാര്‍ലമെന്റ് കറസ്‌പോണ്ടന്റായി. പോര്‍ച്ചുഗീസ് ഭരണത്തിന്‍ കീഴിലുള്ള ഗോവയിലേക്ക് ഇന്ത്യന്‍ സൈനികരുടെ പ്രവേശനം, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് എന്നിവ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്ത പ്രധാന സംഭവങ്ങളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതികായനായിരുന്ന എ.കെ.ജിയുമായി അടുത്ത വ്യക്തി ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. 1962ല്‍ അദ്ദേഹം അസമിലേയും മേഘാലയയിലേയും ഇന്ത്യന്‍ പ്രദേശത്തേക്കുള്ള ചൈനീസ് കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്തു. 1965ല്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയ അദ്ദേഹം കേരളകൗമുദി എഡിറ്റോറിയല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വം ഏറ്റെടുത്തു.


തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വി.കെ കൃഷ്ണ മേനോനെ തിരഞ്ഞെടുക്കപ്പെടുന്നതില്‍ നിര്‍ണ്ണായ പങ്ക് വഹിച്ചു. പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും വിദേശ സന്ദര്‍ശനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 1975ല്‍ കലാകൗമുദി പബ്ലിക്കേഷന്‍സ് ആരംഭിച്ച അദ്ദേഹം മുംബൈയില്‍ നിന്ന് ആദ്യത്തെ മലയാള ദിനപത്രവും ആരംഭിച്ചു. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഓള്‍ ഇന്ത്യ ന്യൂസ്പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് എന്നിവയിലും അംഗമായിരുന്നു. അംബേദ്കര്‍, കേസരി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഭാര്യ ഡോ. കസ്തൂരി ബായ് എം.ഡി (കലാകൗമുദി ഡയറക്ടര്‍), മക്കള്‍: വല്‍സ മണി (മാദ്ധ്യമ പ്രവര്‍ത്തക), സുകുമാരന്‍ മണി (കലാകൗമുദി പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും എഡിറ്ററുമാണ്).