Wednesday 28 June 2017

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ പായിച്ചറ നവാസിന്‍റെ പരാതി

By praveen prasannan.23 May, 2017

imran-azhar

തിരുവനന്തപുരം: ശ്രീഹരിയെന്ന സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം വെട്ടിമുറിച്ച സംഭവത്തില്‍ പായിച്ചറ നവാസ് എന്നയാള്‍ ഡി ജി പിക്ക് പരാതി നല്‍കി. നിയമ വിദ്യാര്‍ത്ഥിനി ചെയ്തത് മത തീവ്രവാദികള്‍ പോലും സെയ്യാത്ത സംഭവമാണെന്നാണ് പരാതിയില്‍ പറയുന്നത്.

പെണ്‍കുട്ടി നിയമം കയ്യിലെടുത്തെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. സമാന പ്രസ്താവന കോണ്‍ഗ്രസ് എം പി കൂടിയായ ശശി തരൂരും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും അതോടൊപ്പം തന്നെ സ്വാമിക്ക് പെട്ടെന്നുണ്ടായ സാന്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ അന്വേഷണം വേണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

ഒന്പതാം ക്ളാസ് മുതല്‍ പരിചയവും പതിനൊന്നാം ക്ളാസ് മുതല്‍ ലൈംഗിക ചൂഷണവും നടന്നിട്ടും പെണ്‍കുട്ടി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാതെ ഇത്തരമൊരു പ്രവൃത്തി ചെയ്തത് ദുരൂഹമെന്നാണ് പരാതി. ഒറ്റയ്ക്ക് പെണ്‍കുട്ടി ഇത് ചെയ്തത് വിശ്വസനീയമല്ലെന്നും ഇതില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പെടെ നടന്നിട്ടുണ്ടെന്നും പരാതിയില്‍ നവാസ് ആരോപിക്കുന്നു.

സ്വാമി കുറച്ച് വര്‍ഷങ്ങളായി കുടുംബവുമായി നല്ല ബന്ധത്തിലാണ്. നിരവധി തവണ പീഡിപ്പിച്ചിട്ടും പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഇതേക്കുറിച്ച് വിവരമില്ലായിരുന്നു എന്നതും ദുരൂഹമാണ്.

വീട്ടിലെ മുറികളെല്ലാം അടുത്തടുത്താണ്. പെണ്‍കുട്ടിയുടെ സഹോദരന്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നിരിക്കുന്നത്. ഡിഗ്രി വിദ്യാര്‍ത്ഥിയായ ഈ യുവാവ് വീട്ടിലുള്ളപ്പോള്‍ സ്വാമി പെണ്‍കുട്ടിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചെന്നത് അവിശ്വസനീയമാണ്.

പെണ്‍കുട്ടി ഇത്തരമൊരു കൃത്യം നടത്തിയിട്ടും സ്വാമി തിരിച്ചുപദ്രവിക്കാന്‍ ശ്രമിച്ചെന്നോ പ്രതിരോധിക്കാന്‍ ശ്രമിച്ചെന്നോ ഒരു പരാമര്‍ശവും ഇല്ല. പീഡനം നടത്തിയ ആളിന്‍റെ ലൈംഗിക ശേഷി പരിശോധിക്കാന്‍ ലിംഗം ആവശ്യമാണെന്നിരിക്കെ ഇത്തരം പ്രവൃത്തി തെളിവ് ഇല്ലാതാക്കല്‍ കൂടിയല്ലേയെന്നും പരാതിയില്‍ ചോദിക്കുന്നുണ്ട്. സംഭവത്തെ രാഷ്ട്രീയമാക്കി വിവിധ കക്ഷികള്‍ പോരടിക്കുന്പോള്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ മറച്ച് പിടിക്കപ്പെടുന്നുവെന്നും പരാതിയിലുണ്ട്.

നിയമവും നീതിയും നടപ്പിലാക്കേണ്ടത് കോടതികളിലാണ്. ലിംഗം നഷ്ടപ്പെട്ടയാള്‍ കുറ്റക്കാരനല്ലെന്ന് നാളെ തെളിഞ്ഞാല്‍ ഉണ്ടായ മാനഹാനിയും നഷ്ടപ്പെട്ട ലിംഗവും തിരികെ നല്‍കാനാകുമോയെന്നും പരാതിയില്‍ ചോദിക്കുന്നുണ്ട്.