Friday 14 December 2018


സിറിയയില്‍ സൈനികാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു

By Amritha AU.12 Mar, 2018

imran-azhar


ഡൂമ: സിറിയയിലെ കിഴക്കന്‍ ഘൗട്ടയില്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ട ജനങ്ങളുടെ എണ്ണം ആയിരം കവിഞ്ഞു. 21 ദിവസമായി തുടരുന്ന രൂക്ഷമായ പോരാട്ടത്തില്‍ 1,031 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 219 പേര്‍ കുട്ടികളും 154 സ്ത്രീകളുമുള്‍പ്പെടുന്നു. 4350ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണം രൂക്ഷമായതിനാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ് നിലവിലെന്ന് കൗണ്‍സില്‍ പറയുന്നു. കിഴക്കന്‍ ഘൗട്ടയില്‍ നിന്ന് വിമതരെ തുരത്താനാണ് സിറിയന്‍ സൈന്യം ആക്രമണങ്ങള്‍ നടത്തുന്നത്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന് സമീപത്തുള്ള വിമതരുടെ അവസാനശക്തികേന്ദ്രമാണ് കിഴക്കന്‍ ഘൗട്ട. ഇതുകൂടി പിടിച്ചുകഴിഞ്ഞാല്‍ വിമതര്‍ക്ക് മേല്‍ അപ്രമാധിത്യം നേടാന്‍ സിറിയന്‍ ഭരണകൂടത്തിനാകും.

ശനിയാഴ്ച നടത്തിയ സൈനികനടപടിയില്‍ കിഴക്കന്‍ ഘൗട്ടയെ ഒറ്റപ്പെടുത്തി മേഖലയെ മൂന്നായി വിഭജിക്കാന്‍ സൈന്യത്തിനായിരുന്നു.
ആ ആക്രമണത്തില്‍ നാല് കുട്ടികളുള്‍പ്പെടെ ഇരുപതോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാര്‍ സൈന്യം മുന്നേറ്റം തുടരുന്ന മേഖലയില്‍ ഒഴിപ്പിക്കല്‍ കരാര്‍ ഭാഗികമായി പരിഗണിക്കാന്‍ വിമതരില്‍ ഒരുവിഭാഗം തയ്യാറായിട്ടുണ്ട്. അതിനിടെ, സൈനികാക്രമണം ശക്തമായ സാഹചര്യത്തില്‍ വിമതര്‍ നയിക്കുന്ന പ്രാദേശിക കൗണ്‍സില്‍, ശനിയാഴ്ച മേഖലയില്‍ അന്താരാഷ്ട്ര സംഘടനകള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടിരുന്നു.

അതേസമയം ഐക്യരാഷ്ട്രസഭയുടെ വെടിനിര്‍ത്തലിനും ആവര്‍ത്തിച്ചുള്ള ചര്‍ച്ചകള്‍ക്കുള്ള അഭ്യര്‍ഥനകളും ലോകരാജ്യങ്ങള്‍ നിരസിക്കുകയാണ്.