By Web Desk.31 Oct, 2020
ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും, തീയറ്ററുകളും നവംബർ 16 മുതൽ തുറക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി. സംസ്ഥാനത്ത് ലോക്ക്ഡൗൺ നവംബർ 30 വരെ നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേയാണ് മുഖ്യമന്ത്രി പളനിസ്വാമി കൂടുതൽ ഇളവുകൾ അനുവദിച്ചത്. മത ചടങ്ങുകള്‍, സാമൂഹിക, രാഷ്ട്രീയ, വിനോദ, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ നവംബര്‍ 16 മുതല്‍ 100 പേരെമാത്രം പങ്കെടുപ്പിച്ച് നടത്താനും അനുമതി നൽകിയിട്ടുണ്ട്. മള്‍ട്ടിപ്ലക്സുകളും ഷോപ്പിങ് മാളുകളിലുള്ള തീയേറ്ററുകളും 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് തുറക്കാനാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്കൂളുകളുടെയും കോളേജുകളുടെയും എല്ലാ ഹോസ്റ്റലുകള്‍ക്കും 16 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.