By Priya.26 May, 2022
ചെന്നൈ: ബിജെപി നേതാവ് ബാലചന്ദ്രന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞതായി ചെന്നൈ പൊലീസ്. മൂന്ന് പേര് ചേര്‍ന്നാണ് കൊലപാതകം നടത്തിയിട്ടുള്ളത്. പ്രദീപ്, സഞ്ജയ്, കലൈവാണന്‍ എന്നിവരാണ് കൊല നടത്തിയതെന്നാണ് കണ്ടെത്തിയത്. ദൃക്സാക്ഷികളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് കൊലപാതകികളെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. മൂന്ന് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തെന്നും എത്രയും പെട്ടന്ന് കൊലപാതകികളെ പിടികൂടുമെന്നും ചെന്നൈ പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ജയ്വാള്‍ പറഞ്ഞു.
ബാലചന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി ആരോപിച്ചു. വധഭീഷണി നിലനില്‍ക്കേയാണ് സുരക്ഷാ ഉദ്യോഗസ്ഥന് ചായകുടിക്കാന്‍ മാറിയ തക്കത്തിന് ആക്രമണം നടന്നിരിക്കുന്നത്. ഇത്ര ചെറിയ സമയത്തിനുള്ളില്‍ അക്രമി സംഘത്തിന് കൊലനടത്തണമെങ്കില് അത് നല്ല പരിശീലനം ലഭിച്ചവരാണ് നടത്തിയിട്ടുള്ളത്. പരിസരവും സാഹചര്യങ്ങളും കൃത്യമാക്കി മുന്‍കൂട്ടി മനസ്സിലാക്കിയവരാണ് കൊല നടത്തിയതെന്നും ബിജെപി ആരോപിച്ചു.
ചെന്നൈ നഗരം തമിഴ്നാടിന്റെ തലസ്ഥാനമാണോ അതോ കൊലപാതകങ്ങളുടെ തലസ്ഥാനമാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കാരു നാഗരാജന് പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനകം 10 കൊലപാതകങ്ങള്‍ ചെന്നൈയില്‍ നടുക്കുന്നുണ്ടെന്നും നാഗരാജന് പറഞ്ഞു.
ബിജെപി നേതാവിന്റെ മരണം സംസ്ഥാന സര്‍ക്കാറിന്റെ ജാഗ്രതക്കുറവാണെന്നും ഭീകര ശക്തികള്‍ക്ക് സംസ്ഥാനത്ത് പിന്തുണ നല്‍കുന്നതിന്റേയും തെളിവാണെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി കെ.പളനിസ്വാമി ആരോപിച്ചു.