Tuesday 21 January 2020




ഇത്തരം വെടിവെയ്പുകൾ കുറ്റവാളികൾക്ക് ഒരു പാഠം; ഏറ്റുമുട്ടലിനെക്കുറിച്ച് തെലങ്കാന മന്ത്രി

By Chithra.08 Dec, 2019

imran-azhar

 

ഹൈദരാബാദ് : തെലങ്കാനയിൽ വെറ്റിനറി ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് പോലെയുള്ള ക്രൂരത എവിടെ നടന്നാലും ഇത്തരത്തിൽ ഒരു പൊലീസ് വെടിവെയ്പുണ്ടാകും എന്ന മുന്നറിയിപ്പുമായി തെലങ്കാന മന്ത്രി. വ്യാജ ഏറ്റുമുട്ടലാണ് നടന്നത് എന്ന ആരോപണം നിലനിൽക്കെയാണ് മന്ത്രി തലസനി ശ്രീനിവാസ യാദവ് മുന്നറിയിപ്പുമായി വരുന്നത്.

 

ഇത്തരത്തിലുള്ള ഏറ്റുമുട്ടൽ കുറ്റവാളികൾക്ക് ഒരു പാഠമാണെന്നും സർക്കാരിനോട് അനുവാദം ചോദിച്ചിട്ടാണ് ഇത് നടന്നതെന്നും മന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്ത കുറ്റവാളികൾക്ക് ജാമ്യത്തിൽ ഇറങ്ങുമ്പോൾ ഇതൊരു പാഠമാകുമെന്നും മന്ത്രി പറയുന്നു. ഈ കൃത്യത്തിലൂടെ സംസ്ഥാന സർക്കാർ ഒരു സന്ദേശമാണ് നൽകുന്നതെന്നും ക്രൂരമായ കുറ്റകൃത്യം ചെയ്യുമ്പോൾ ഒരു ഏറ്റുമുട്ടൽ കൊലയുണ്ടാകുമെന്നാണ് ആ സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

രാജ്യത്തിന് തങ്ങൾ ഒരു മാതൃക സൃഷ്ടിച്ചെന്നും ക്ഷേമ പ്രവർത്തനങ്ങളിലൂടെയല്ല ക്രമസമാധാന പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് മാതൃക കാട്ടിയതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിയമ കൈയിലെടുത്തുള്ള പൊലീസ് നടപടി സർക്കാർ സമ്മതത്തോടെ നടന്നതാണ് എന്നാണ് മന്ത്രിയുടെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.