Wednesday 07 December 2022




തലശേരി ഇരട്ട കൊലപാതകം: മുഖ്യ പ്രതി പിടിയില്‍

By Priya.24 Nov, 2022

imran-azhar

 

കണ്ണൂര്‍: തലശേരിയില്‍ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തിലെ പ്രധാന പ്രതി പാറായി ബാബു പിടിയില്‍. ഒളിവില്‍ കഴിയാന്‍ ബാബുവിന് സഹായം ചെയ്ത് കൊടുത്ത രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു.

 

ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ മുഴുവന്‍ പേരെയും പിടികൂടി. തലശ്ശേരി എസി പി നിഥില്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ പിടികൂടിയത്. തലശ്ശേരി സ്വദേശികളായ ജാക്ക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ തുടങ്ങിയവരെ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


ഇന്നലെ വൈകുന്നേരം 4 മണിയോടെ തലശേരി സിറ്റി സെന്ററിന് സമീപത്ത് വെച്ചാണ് 3 പേര്‍ക്കും കുത്തേല്‍ക്കുന്നത്. ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീര്‍ എന്നിവരാണ് മരിച്ചത്.

 

ലഹരി വില്‍പ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തര്‍ക്കവുമാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബാബുവും ജാക്‌സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയില്‍ പറഞ്ഞിരുന്നു.